Dailyhunt
ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് സംയുക്ത കര്‍ഷക സമിതി

ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് സംയുക്ത കര്‍ഷക സമിതി

തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ 27ന് നടത്തുന്ന ഭാരത ബന്ദ് വിജയിപ്പിക്കണമെന്ന് സംയുക്ത കര്‍ഷക സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം തിങ്കളാഴ്ച 300 ദിവസം പിന്നിടുകയാണ്. ഈ സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്താനായാണ് രാജ്യവ്യാപക ബന്ദ് നടത്തുന്നത്. കര്‍ഷക ദ്രോഹ- തൊഴിലാളി ദ്രോഹ കരിനിയമങ്ങള്‍ പിന്‍വലിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക, പെട്രോള്‍ ഡീസല്‍ പാചക വാതക വില വര്‍ദ്ധന തടയുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ഇതിന്റെ ഭാഗമായി നാളെ വൈകിട്ട് എല്ലാ വില്ലേജ് കേന്ദ്രങ്ങളിലും പന്തം കൊളുത്തി പ്രകടനവും 27ന് വാര്‍ഡ് കേന്ദ്രങ്ങളില്‍ മനുഷ്യച്ചങ്ങലയും നടത്തും. കേന്ദ്രസര്‍ക്കാരിന്റെ രാജ്യദ്രോഹ നടപടികള്‍ക്കെതിരായി നടത്തുന്ന ചെറുത്ത് നില്‍പ്പ് സമരം വിജയിപ്പിക്കാന്‍ എല്ലാ കൃഷിക്കാരോടും പൊതുജനങ്ങളോടും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത കര്‍ഷക സമിതി ചെയര്‍മാന്‍ മാത്യു വര്‍ഗീസ്, കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം പി.പി. ചന്ദ്രന്‍, നേതാക്കളായ ക്ലമന്റ് മാത്യു, സജി മൈലാടി, ജയന്‍ പ്രഭാകര്‍ എന്നിവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi