Dailyhunt
ഭാരവാഹിത്വം അലങ്കാരമാക്കി  നടക്കേണ്ടതില്ലെന്ന് മുല്ലപ്പള്ളി

ഭാരവാഹിത്വം അലങ്കാരമാക്കി നടക്കേണ്ടതില്ലെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: പാര്‍ട്ടി ഭാരവാഹിത്വം അലങ്കാരമാക്കി ആരും വിലസി നടക്കേണ്ടെന്ന് ഇന്നലെ ചേര്‍ന്ന കെ.പി.സി.സി പുതിയ ഭാരവാഹികളുടെ യോഗത്തില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്നറിയിപ്പ്. ചുമതലാനിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്നവര്‍ ആരായാലും ആ സ്ഥാനത്തുണ്ടാവില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

പുതിയ ജനറല്‍സെക്രട്ടറിമാര്‍ക്ക് ജില്ലകളുടെ ചുമതലകള്‍ നല്‍കിയിട്ടുണ്ട്. അവരും അവര്‍ ചുമതലകളേല്പിക്കുന്ന ഡി.സി.സി ഭാരവാഹികളും ഉത്തരവാദിത്വ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തരുത്. ഇനിയുള്ള പതിനഞ്ച് മാസക്കാലം വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് വേണ്ടത്.. എല്ലാവരുടെയും പ്രവര്‍ത്തനം കെ.പി.സി.സിയില്‍ നിരീക്ഷിക്കും.

പ്രവര്‍ത്തന റിപ്പോര്‍ട്ട് കെ.പി.സി.സിക്ക് കൃത്യമായി കൈമാറണം. പാര്‍ട്ടി വാര്‍ഡ് തല പുന:സംഘടന ഈ മാസം 28നകം പൂര്‍ത്തീകരിച്ച്‌ റിപ്പോര്‍ട്ട് ചെയ്യണം.

പാര്‍ട്ടിയും പോഷകസംഘടനകളും ഒരേ വിഷയത്തില്‍ സമരം ചെയ്യുന്ന രീതി മാറണം. സുപ്രധാനവിഷയങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കുമ്ബോള്‍ പോഷകസംഘടനകള്‍ അവരുടെ വിഷയങ്ങള്‍ ഏറ്റെടുക്കണം. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ മുഖ്യമന്ത്രി വിദഗ്ദ്ധമായി കബളിപ്പിക്കുകയാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ എല്ലാ തലങ്ങളിലും ഉടന്‍ തുടങ്ങും. സംസ്ഥാന ബഡ്ജറ്റിലെ നികുതിഭാരം ഉയര്‍ത്തിക്കാട്ടി ഈ മാസം 26ന് വില്ലേജോഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തും. പാര്‍ട്ടി ക്യാമ്ബും സമ്ബൂര്‍ണ്ണ കെ.പി.സി.സി സമ്മേളനവും ഉടന്‍ നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോയാല്‍ ആര്‍ക്കും തോല്പിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കെ.പി.സി.സിയില്‍

വാര്‍റൂം

സോഷ്യല്‍മീഡിയ ചര്‍ച്ചകളെ നിയന്ത്രിക്കാനും ചാനല്‍ചര്‍ച്ചകളില്‍ പാര്‍ട്ടിപ്രതിനിധികള്‍ പറയേണ്ട കാര്യങ്ങള്‍ തീരുമാനിക്കാനുമായി കെ.പി.സി.സിയില്‍ വാര്‍റൂം സജ്ജമാക്കും. ഇതിനായി പ്രത്യേകസമിതി രൂപീകരിക്കും. ചാനല്‍ചര്‍ച്ചകളിലുയരുന്ന വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട് രൂപീകരിക്കുന്നത് ഈ സമിതിയാകും. ചര്‍ച്ചയ്ക്കിടയില്‍ തര്‍ക്ക വിഷയങ്ങളില്‍ നിലപാട് പറയേണ്ടതുണ്ടെങ്കില്‍ ഉടനടി വാര്‍റൂമില്‍ നിന്ന് സന്ദേശം കൈമാറും.

സഭാതര്‍ക്കത്തില്‍

വിമര്‍ശനം

ഓര്‍ത്തഡോക്സ്- യാക്കോബായ സഭാതര്‍ക്കത്തില്‍ പാര്‍ട്ടി ഇടപെടാതെ മാറിനില്‍ക്കുന്നത് ശരിയല്ലെന്ന് യോഗത്തില്‍ ജോസഫ് വാഴയ്ക്കനും സക്കീര്‍ ഹുസൈനും പറഞ്ഞു..അനില്‍ അക്കര എം.എല്‍.എ ഫേസ്ബുക്കില്‍ അഭിപ്രായം പറയേണ്ടിയിരുന്നില്ലെന്ന അഭിപ്രായവുമുയര്‍ന്നു. കോണ്‍ഗ്രസിനോടും യു.ഡി.എഫിനോടും അടുപ്പം പുലര്‍ത്തുന്നവരാണ് ഇരുവിഭാഗങ്ങളും..പാര്‍ട്ടി നിലപാട് തീരുമാനിച്ചറിയിക്കാന്‍ മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടി, ചെന്നിത്തല എന്നിവരെ യോഗം ചുമതലപ്പെടുത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi