റായ്പൂർ: ഛത്തിസ്ഗഡിലെ കാങ്കറില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ നാലു ജവാൻമാർക്ക് വീരമൃത്യു.
കാങ്കർ - നാരായണ്‍പുർ അതിർത്തിക്ക് സമീപമാണ് സംഭവം. മാവോയിസ്റ്റുകള്‍ മുൻപ് സ്ഥാപിച്ചിരുന്ന കുഴിബോംബുകള്‍ നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഓപ്പറേഷന് നേതൃത്വം നല്‍കിയ ജില്ലാ റിസർവ് ഗാർഡിലെ ഇൻസ്പെക്ടർ സുഖ്‌റാം വട്ടി, കോണ്‍സ്റ്റബിള്‍ കൃഷ്ണ കൊമ്ര, ബസ്തർ ഫൈറ്റേഴ്‌സിലെ സഞ്ജയ് ഗഡ്പാല എന്നിവർ സംഭവസ്ഥലത്ത് തന്നെ വീരമൃത്യു വരിച്ചു. പരിക്കേറ്റ മറ്റൊരു കോണ്‍സ്റ്റബിളായ ബസ്തർ ഫൈറ്റേഴ്‌സിലെ പരർമാനന്ദ കൊമ്രയെ ആളുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
നാരായണ്‍പൂർ ജില്ലാ അതിർത്തിയോട് ചേർന്നുള്ള ആദ്നാർ ഗ്രാമത്തിനടുത്തുള്ള വനപ്രദേശത്ത് രാവിലെ 11.30 ഓടെയാണ് സംഭവം. മേഖലയിലെ മാവോയിസ്റ്റ് താവളങ്ങളെക്കുറിച്ചുള്ള ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡി.ആർ.ജി ഉദ്യോഗസ്ഥർ, ബസ്തർ ഫൈറ്റേഴ്‌സ്, ജില്ലാ സേനാ അംഗങ്ങള്‍ എന്നിവരടങ്ങുന്ന സംയുക്ത സംഘം കുഴിബോംബ് നീക്കം ചെയ്യുകയായിരുന്നു. ആദ്യം ഒരു സ്ഥലത്ത് കുഴിബോംബുകള്‍ സംഘം കണ്ടെടുത്ത് നീർവീര്യമാക്കിയിരുന്നു. 11.30ഓടെ ഐ.ഇ.ഡി അടങ്ങിയ മറ്റൊരു ശേഖരം കണ്ടെത്തി. അത് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥലത്ത് ഫോറൻസിക്, ബാലിസ്റ്റിക് പരിശോധനകള്‍ നടന്നുവരികയാണ്.

