തിരുവനന്തപുരം: സര്‍ക്കാരുമായും മുഖ്യമന്ത്രിയുമായുള്ള തന്റെ തര്‍ക്കം വ്യക്തിപരമല്ലെന്നും ഭരണഘടനയും ചട്ടവും ലംഘിച്ചുള്ള സര്‍ക്കാര്‍ നടപടികളില്‍ കാഴ്ചക്കാരനായി നില്‍ക്കില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഇന്നലെ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് പ്രതികരിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലും നടപടിച്ചട്ടത്തിലും പറയുന്നുണ്ട്. ഏത് ഭരണാധികാരിയും ഭരണഘടനയും നിയമവും ചട്ടവുമൊക്കെ അനുസരിക്കണം. ഇത് ലംഘിച്ചുള്ള നടപടികള്‍ തുടരുമ്ബോള്‍ നോക്കിനില്‍ക്കില്ല. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ താന്‍ നിറവേറ്റും. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമ്ബോള്‍ അത് ഗവര്‍ണറെ അറിയിക്കേണ്ടതുണ്ട്.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് ചട്ടലംഘനമുണ്ടായി. ഭരണഘടനയുടെ 166ാം വകുപ്പിലെ മൂന്നാം ഉപവകുപ്പനുസരിച്ചാണ് കാര്യനിര്‍വ്വഹണ ചട്ടമുണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഒരുത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്ബ് ഗവര്‍ണറുടെ അനുമതി തേടിയിരിക്കണമെന്ന് അതിലുണ്ട്. ഇക്കാര്യം നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി ഉത്തരവുമുണ്ട്. കോടതിയില്‍ പോകാന്‍ അനുമതി വേണ്ടെന്ന് പറയുന്നവര്‍ അക്കാര്യം നിയമത്തിന്റെ പിന്‍ബലത്തോടെ ബോദ്ധ്യപ്പെടുത്തണം.
സി.പി.എമ്മിന്റെയും സി.പി.ഐയുടെയും വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് പല അഭിപ്രായങ്ങളും പറയാമെന്നായിരുന്നു മറുപടി. എന്നാല്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ഭരണാധിപന്മാര്‍ക്ക് മുന്നില്‍ ഭരണഘടനയും ചട്ടവുമൊക്കെയുണ്ട്. കോഴിക്കോട്ടെ സാഹിത്യോത്സവത്തില്‍ നിന്ന് പിന്മാറിയതിനെപ്പറ്റി ചോദിച്ചപ്പോള്‍, ആ പരിപാടി താന്‍ റദ്ദാക്കിയതല്ലെന്നും സംഘാടകര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
