Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡാന്‍സിംഗ് ഗേളിന്റെ നാണം മറച്ചു; പിന്നാലെ വിവാദം, പാഠപുസ്തകം  പുനഃപ്രസിദ്ധീകരിക്കാൻ  എൻസിഇആര്‍ടി

ഡാന്‍സിംഗ് ഗേളിന്റെ നാണം മറച്ചു; പിന്നാലെ വിവാദം, പാഠപുസ്തകം പുനഃപ്രസിദ്ധീകരിക്കാൻ എൻസിഇആര്‍ടി

ന്യൂഡല്‍ഹി: സിന്ധു നദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രശസ്ത പ്രതീകങ്ങളിലൊന്നായ 'നൃത്തം ചെയ്യുന്ന പെണ്‍കുട്ടി' (ഡാൻസിംഗ് ഗേള്‍)' എന്ന വെങ്കലശില്പത്തിന്റെ നഗ്നത മറച്ച സംഭവം വിവാദമായതോടെ പുസ്തകം പുനഃപ്രസിദ്ധീകരിക്കാനൊരുങ്ങി എൻസിഇആർടി .

ഒൻപതാം ക്ലാസിലെ കലാപഠന പുസ്തകമായ 'മധുരിമ'യിലാണ് കറുത്ത നിറം ഉപയോഗിച്ച്‌ നഗ്നത മറച്ച രീതിയില്‍ ചിത്രം പ്രത്യക്ഷപ്പെട്ടത്. സംഗീത നാടക അക്കാദമി അദ്ധ്യക്ഷ സന്ധ്യ പുരേച്ചയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കലാപഠനത്തിനു വേണ്ടിയുള്ള പുസ്തകം തയാറാക്കിയത്.

ഏകദേശം 4,500 വർഷം പഴക്കമുള്ള ഈ വെങ്കല ശില്പം കൈകളില്‍ വളകളും കഴുത്തില്‍ മാലയും അണിഞ്ഞ് നഗ്നയായി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടേതാണ്. എന്നാല്‍ പുതിയ പുസ്തകത്തിന്റെ ആദ്യ അദ്ധ്യായമായ 'ഹിസ്റ്ററി ഓഫ് ആർട്സ്' എന്ന ഭാഗത്ത് ശില്പത്തിന്റെ നഗ്നത മറച്ച രീതിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കുട്ടികള്‍ക്ക് അനുയോജ്യമായ ചിത്രമല്ലെന്ന അഭിപ്രായത്തെ തുടർന്നാണ് പുതിയ മാറ്റമെന്നാണ് വിവാദങ്ങള്‍ക്കും വിമ‌ശനങ്ങള്‍ക്കും പിന്നാലെയുള്ള എൻസിഇആർടിസിയുടെ വിശദീകരണം. അതേസമയം എൻസിഇആർടിയുടെ തന്നെ ആറാം ക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകത്തില്‍ ഉള്‍പ്പെടെ ഈ ശില്പം യഥാർഥ രൂപത്തിലാണ് നല്‍കിയിട്ടുള്ളത്.

പാഠപുസ്തക സമിതി അദ്ധ്യക്ഷനായിരുന്ന പ്രാഫ.മൈക്കിള്‍ ഡാനിനോയുടെ ഉള്‍പ്പെടെ എതിർപ്പ് മറികടന്നായിരുന്നു എൻസിഇആർടിയുടെ ഈ തീരുമാനം. ഈ ശില്പം ലോഹശാസ്ത്ര വിജ്ഞാനത്തിന്റെ തെളിവാണെന്നും സദാചാരം മാറ്റിവച്ച്‌ യാഥാർഥ്യമെന്തെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നുമായിരുന്നു ഡാനിനോയുടെ വാദം. ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തില്‍ ശില്‍പം കാണാൻ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവർ എത്തുന്നുണ്ടെന്ന വാദവും അംഗീകരിക്കപ്പെട്ടില്ല. തുടർന്നാണ് നഗ്നത മറച്ചുള്ള ചിത്രം എൻസിഇആർടി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്.

ഇതാദ്യമായല്ല 'ഡാൻസിംഗ് ഗേള്‍' ശില്പത്തിന്റെ പേരില്‍ വിവാദമുണ്ടാകുന്നത്. 2023ല്‍ അന്താരാഷ്ട്ര മ്യൂസിയം എക്സ്പോയുടെ ഭാഗമായി നിർമ്മിച്ച രൂപം യഥാർത്ഥ ശില്പത്തിന് വിപരീതമായി വെളുത്ത നിറത്തിലും വസ്ത്രം ധരിച്ച രൂപത്തിലുമായിരുന്നു. ഇത് വിവാദമായതോടെ ഇതിനെതിരെ വിമർശനവുമായി ചരിത്രകാരന്മാർ ഉള്‍പ്പെടെ അന്ന് രംഗത്തുവന്നിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi