ആലപ്പുഴ: ദേശീയപാത 66 നിർമ്മാണപ്രവർത്തികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ റോഡ് സുരക്ഷ ശക്തമാക്കാൻ കരാർ കമ്പനി. ദേശീയ പാതയിലെ സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ആലപ്പുഴ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എം.ജി മനോജ് നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണിത്.
മണ്ഡലകാലത്തിന് മുന്നോടിയായി പത്ത് ദിവസത്തിനകം ജില്ലയില്‍ ദേശീയപാത നിർമ്മാണ മേഖലകളിലെ അപകട സാദ്ധ്യതകള്‍ ഒഴിവാക്കിയും യാത്രക്കാർക്ക് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയും ഗതാഗതം സുഗമമാക്കുകയാണ് ലക്ഷ്യം. നിർമ്മാണ മേഖലകളിലും മറ്റ് ഇടങ്ങളിലും അപകടങ്ങള്‍ ഒഴിവാക്കാൻ വിപുലമായ സുരക്ഷാ ഓഡിറ്റുകളും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി തുലാവർഷവും വൃശ്ചികമാസാരംഭം മുതലുണ്ടാകാനിടയുള്ള മഞ്ഞ് കണക്കിലെടുത്ത് രാത്രികാല യാത്രക്കാരുടെ സുരക്ഷയ്ക്കായി ഡൈവേർഷൻ പോയിന്റുകളിലും റോഡിന്റെ വശങ്ങളിലും ആവശ്യമായ റിഫ്ളക്ടീവ് മാർക്കിംഗുകള്‍, ബ്ലിങ്കറുകള്‍, സൈൻ ബോർഡുകള്‍ എന്നിവ സ്ഥാപിക്കും.
വാഹനങ്ങളുടെ വേഗത പരിമിതപ്പെടുത്താനും വരി തെറ്റാതെയുള്ള കൃത്യമായ ഡ്രൈവിംഗ് രീതികള്‍ പാലിക്കാനും നിർദ്ദേശം നല്‍കും. നിർമ്മാണത്തിന്റെ ഭാഗമായി പെട്ടെന്ന് വരുത്തുന്ന ട്രാഫിക് ഡൈവേർഷനുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍, ഇവ മുൻകൂട്ടി കൃത്യമായ പ്ലാനിങ്ങോടെയും മുന്നറിയിപ്പ് ബോർഡുകളോടെയും മാത്രമായി പരിമിതപ്പെടുത്തും.
ആറുവരിപ്പാതയുടെ പ്രധാന ഭാഗങ്ങളില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, ട്രാക്ടറുകള്‍ തുടങ്ങി വേഗത കുറഞ്ഞ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും. സർവീസ് റോഡുകള്‍ ഇല്ലാത്ത ഭാഗങ്ങളില്‍ മാത്രമാണ് ഇവയ്ക്ക് താല്‍ക്കാലിക അനുമതിയുള്ളത്.
നടപടി എം.വി.ഡി നോട്ടീസില്‍
1.മേല്‍പ്പാലങ്ങളുടെ സമീപങ്ങളിലും താഴ്ചയുള്ള ഭാഗങ്ങളിലും വാഹനങ്ങള്‍ റോഡില്‍ നിന്ന് പുറത്തേക്ക് മറിയുന്നത് തടയാൻ മെറ്റല്‍ ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കും.
നിർമ്മാണം നടക്കുന്ന കുഴികളിലേക്ക് വാഹനങ്ങള്‍ ഇടിച്ചുകയറാതിരിക്കാൻ ബാരിക്കേഡുകളും ഉറപ്പാക്കും
2. പ്രധാന പാതകളിലും സർവീസ് റോഡുകളിലും കണ്ടെയ്‌നർ ലോറികളും ഹെവി വാഹനങ്ങളും അനധികൃതമായി പാർക്ക് ചെയ്യുന്നത് തടയും. പകരം പ്രത്യേക പാർക്കിംഗ് ബേകള്‍ ഒരുക്കും.അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാൻ റൂട്ട് പട്രോളിംഗ് വാഹനങ്ങള്‍ സജ്ജമാക്കും
3. നിർമ്മാണ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ഹെല്‍മറ്റ്, സേഫ്റ്റി ബെല്‍റ്റുകള്‍, ജാക്കറ്റുകള്‍ എന്നിവ നിർബന്ധമാക്കും. മണ്ണടിച്ചില്‍, സ്ട്രക്ചറല്‍ തകരാറുകള്‍ എന്നിവ ഒഴിവാക്കാൻ ശാസ്ത്രീയ പരിശോധനകള്‍ നടത്തും
4. അമിതവേഗതയും തെറ്റായ ദിശയിലുള്ള ഡ്രൈവിംഗും കണ്ടെത്താൻ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് കാമറ നിരീക്ഷണ സംവിധാനം നടപ്പാക്കും.ഗതാഗത തടസങ്ങളിലും മറ്റ് പ്രശ്നങ്ങളിലും സുരക്ഷാ വിഷയങ്ങളിലും ഇടപെടാൻ കരാർ കമ്പനി ജീവനക്കാരനെ നിയോഗിക്കും
മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടിയ അപാകതകള്‍ ഉടൻ പരിഹരിക്കാനാണ് തീരുമാനം. എത്രയും വേഗം പോരായ്മകള്‍ പരിഹരിച്ച് ദേശീയ പാത സുരക്ഷിതമാക്കും
- പ്രോജക്‌ട് ഓഫീസ്, ദേശീയപാത നിർമ്മാണ കരാർ കമ്പനി
നിർദേശിച്ച നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ മണ്ഡലകാലത്തിന് മുമ്പ് മോട്ടോർ വാഹന വകുപ്പ് സുരക്ഷാ ഓഡിറ്റിംഗ് നടത്തും. വീഴ്ചകള്‍ കണ്ടെത്തിയാല്‍ നിയമ നടപടിയിലേക്ക് നീങ്ങും
-എൻഫോഴ്സ്മെന്റ് വിഭാഗം, മോട്ടോർ വാഹന വകുപ്പ്
