കണ്ണൂർ: ദേശീയപാത അതോറിറ്റിയുടെ അനാസ്ഥ കാരണം ദേശീയപാതയിലുണ്ടായ വെള്ളക്കെട്ട് അപകട ഭീഷണി ഉയർത്തുന്നു. കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിന് മുൻ വശത്തായാണ് റോഡിന്റെ പകുതി ഭാഗത്തോളം ചെറിയ മഴയില്‍ തന്നെ വെള്ളം കെട്ടി കിടക്കുന്നത്.
നിരവധി തവണ അതോറിറ്റിയില്‍ പരാതികള്‍ സർക്കാർ തലത്തില്‍ ഉള്‍പ്പെടെ അയച്ചെങ്കിലും വർഷങ്ങളായി സ്‌കൂള്‍ വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ ദുരിതം അനുഭവിക്കുകയാണ്.
സ്‌കൂള്‍ തുറന്നതോടെ സ്ഥലത്തെ വെള്ളക്കെട്ട് വിദ്യാർത്ഥികള്‍ക്കും ഭീഷണിയാണ്. സ്‌കൂളിനു മുന്നിലായുള്ള തേഞ്ഞുമാഞ്ഞുപോയ സീബ്രാ ലൈനിന്റെ പകുതി ഭാഗവും മഴ പെയ്താല്‍ വെള്ളക്കെട്ടിലാണ്. റോഡിനോട് ചേർന്നുള്ള ട്രാൻസ്‌ഫോർമറും വെള്ളക്കെട്ടിലാണെന്നതും ഭീതിപ്പെടുത്തുന്നതാണ്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വെള്ളം തെറിച്ച് നേരെ ട്രാൻസ്‌ഫോമറിലേക്കാണ് പതിക്കുന്നത്.
സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പരിസരവാസികളും ഉള്‍പ്പെടെ വിഷയത്തില്‍ നിരവധി തവണ പരാതി നല്‍കി മടുത്തിരിക്കുകയാണ്. സ്ഥലം എം.എല്‍.എ കെ.വി സുമേഷ്, കോർപറേഷൻ കൗണ്‍സിലർമാർ, വിവിധ സംഘടനകള്‍, പ്രദേശത്തെ ക്ലബ്ബ് ഉള്‍പ്പെടെ വിഷയത്തില്‍ മുഖ്യമന്ത്രിക്കടക്കം പരാതി അയച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ദേശീയപാത അധികൃതർക്ക് നിർദ്ദേശം നല്‍കിയതായ മറുപടി മാത്രമാണ് ലഭിക്കുന്നത്. പൊതുവേ ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന പ്രദേശത്ത് സ്‌കൂള്‍ തുറക്കുന്നതോടെ കുരുക്ക് രൂക്ഷമാവുന്നതിനും കാരണമാവുകയാണ്.
