ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് ദിവസവേതനക്കാർക്കും വിവിധ കമ്മ്യൂണിറ്റി അധിഷ്ഠിത തൊഴിലാളികള്‍ക്കുമായി 'ഡി.ജി പി.എൻ.ബി ശ്രം സാഥി' എന്ന ഡിജിറ്റല്‍ വായ്‌പാ പദ്ധതി അവതരിപ്പിച്ചു.
കേന്ദ്ര സർക്കാർ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സർക്കാർ സ്‌പോണ്‍സേർഡ് ഏജൻസികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ, ശുചീകരണ തൊഴിലാളികള്‍, ദിവസവേതനക്കാർ, കരാർ തൊഴിലാളികള്‍ തുടങ്ങിയ ഫ്രണ്ട്‌ലൈൻ ജീവനക്കാർക്ക് ഈ പദ്ധതിയിലൂടെ ഈടില്ലാതെ ഒരു ലക്ഷം രൂപ വരെ ഡിജിറ്റല്‍ വായ്‌പയായി ലഭിക്കും.
നിലവില്‍ പി.എൻ.ബിയില്‍ അക്കൗണ്ടുള്ളവർക്ക് പൂർണമായും ഡിജിറ്റല്‍ മാർഗ്ഗത്തിലൂടെ മാത്രമാണ് വായ്‌പ ലഭ്യമാക്കുക. താഴെത്തട്ടിലുള്ള തൊഴിലാളികളുടെ സാമ്പത്തിക ശാക്തീകരണവും പങ്കാളിത്ത വികസനവും ലക്ഷ്യമിട്ട് 'വിഷൻ വിക്‌സിത് ഭാരത് @ 2047' എന്ന ദർശനത്തിന്റെ ഭാഗമായാണ് ബാങ്ക് പദ്ധതി ആവിഷ്‌കരിച്ചത്. കുറഞ്ഞത് പതിനായിരം രൂപ മുതല്‍ പരമാവധി ഒരു ലക്ഷം രൂപ വരെയാണ് 11 % പലിശ നിരക്കില്‍ വായ്‌പ അനുവദിക്കുക.
തിരിച്ചടവ് കാലാവധി പരമാവധി 36 മാസം. കെ.വൈ.സി വിവരങ്ങള്‍ കൃത്യമായി സമർപ്പിച്ചിട്ടുള്ള ജോലിയുള്ള പി.എൻ.ബി ഉപഭോക്താക്കള്‍ക്കാണ് വായ്‌പയ്ക്ക് അർഹത. വായ്‌പയെടുക്കുന്നവരുടെ വാർഷിക കുടുംബ വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. പദ്ധതിക്ക് കീഴില്‍ പ്രോസസിംഗ് ഫീസോ ഡോക്യുമെന്റേഷൻ ചാർജുകളോ ഈടാക്കുന്നതല്ല. വായ്‌പകള്‍ക്ക് ഇൻഷ്വറൻസ് പരിരക്ഷയുണ്ടാകുമെന്നും പ്രീമിയം തുക ബാങ്ക് വഹിക്കുമെന്നും പി.എൻ.ബി റീട്ടെയ്ല്‍ അസറ്റ് ബിസിനസ് ഡിവിഷൻ ജി.എം സുബോധ് കുമാർ പറഞ്ഞു.

