തിരുവനന്തപുരം: ഞായറാഴ്ച രാത്രിയും ഇന്നും പുലർച്ചെയും പെയ്ത ശക്തമായ മഴയില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്.
ഇതോടെ ജനം കടുത്ത ദുരിതത്തിലായി. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് സ്ഥിതി ഗുരുതരം. കോട്ടയം കിഴക്കൻ മലയോര മേഖലയില്‍ രാത്രി ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ഇതേത്തുടർന്ന് മീനച്ചിലാറിലെ ജലനിരപ്പ് ഉയർന്നു.
പാല - ഈരാറ്റുപേട്ട, പാല - ഏറ്റുമാനൂർ റോഡില്‍ പലയിടത്തും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പാല - ഈരാറ്റുപേട്ട റോഡിലെ പനയ്ക്കപ്പാലത്ത് സ്ഥിതി രൂക്ഷമാണ്. ഇവിടെ ചില ഭാഗങ്ങളില്‍ മൂന്നടിയോളം വെള്ളം കയറിയിട്ടുണ്ടെന്നാണ് വിവരം. പമ്പാ നദിയില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരുകയാണ്. ശക്തമായ മഴ തുടരുന്നതോടെ ജനങ്ങള്‍ ഭീതിയിലാണ്. തിരുവല്ലയില്‍ തിങ്കളാഴ്ച രാവിലെ മഴ ശക്തമായി. ഇതേത്തുടർന്ന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തിരുവല്ലയില്‍ നിന്നും മാവേലിക്കരയിലേക്കുള്ള റോഡില്‍ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. ഇവിടെ നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്.

മലപ്പുറം പരപ്പനങ്ങാടി - നാടുകാണി സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും തടസപ്പെട്ടു. മണ്ണിടിഞ്ഞുവീണ ഭാഗത്ത് ആ സമയം വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഇടുക്കി ജില്ലയിലെ മൂന്ന് പ്രധാന അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. മലങ്കര, കല്ലാർകുട്ടി, പാംബ്ല എന്നീ ഡാമുകളുടെ ഷട്ടറുകളാണ് നിലവില്‍ തുറന്നിട്ടുള്ളത്.
ആലപ്പുഴ പാണ്ടനാട് ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറി. നിലവില്‍ ക്യാമ്പില്‍ ഉള്ളവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. പത്തനംതിട്ട റാന്നിയിലെ സ്ഥിതിയും മോശമായി തുടരുകയാണ്. വടശ്ശേരിക്കരയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം മുഖ്യമന്ത്രി വി ഡി സതീശൻ വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. ജില്ലാ കളക്ടർമാരും ആഭ്യന്തര - റവന്യു മന്ത്രിമാരും ചീഫ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും. വിവിധ ജില്ലകളിലെ മഴക്കെടുതി, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, മുൻകരുതല്‍ നടപടികള്‍, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ യോഗം പ്രധാനമായും വിലയിരുത്തും.

