Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡിജിറ്റല്‍ സര്‍വകലാശാല:  കാലാവധി കഴിഞ്ഞ ചെയര്‍മാൻ   ഭരണസമിതി യോഗം വിളിച്ചു

ഡിജിറ്റല്‍ സര്‍വകലാശാല: കാലാവധി കഴിഞ്ഞ ചെയര്‍മാൻ ഭരണസമിതി യോഗം വിളിച്ചു

തിരുവനന്തപുരം:ഡിജിറ്റല്‍ സർവകലാശാലയില്‍ കാലാവധി കഴിഞ്ഞ ചെയർമാൻ ഭരണസമിതി യോഗം വിളിച്ചതായി പരാതി. ഗവർണറുടെ നിർദ്ദേശപ്രകാരം സി.എ.ജി നടത്തിയ ഓഡിറ്റിംഗില്‍ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ സാധൂകരിക്കാനാണ് 29ന് യോഗം വിളിച്ചത്.

സംവരണം അട്ടിമറിച്ച്‌ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും നടത്താനും നീക്കമുണ്ട്.

യൂണിവേഴ്സിറ്റി നിയമപ്രകാരം ചെയർമാന്റെയും ബോർഡ് ഒഫ് ഗവർണേഴ്സ് അംഗങ്ങളുടെയും കാലാവധി മൂന്നുവർഷമാണ്. പരമാവധി മൂന്ന് മാസം കൂടി തുടരാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്‌.

നിലവിലെ ചെയർമാൻ ബംഗളുരുവിലെ ഐ.ടി വ്യവസായി പ്രൊഫ. വിജയ് ചന്ദ്രുവിനെ പിണറായി സർക്കാർ 2021ലാണ് സർവകലാശാലയുടെ ആദ്യ ചെയർമാനായി നിയമിച്ചത്. 2024ല്‍ കാലാവധി അവസാനിച്ച ശേഷം നിയമാനുസൃതമായി ഇതുവരെ കാലാവധി നീട്ടിയിട്ടില്ല.

ഡിജിറ്റല്‍ സർവ്വകലാശാല ചട്ടപ്രകാരം മറ്റു സർവ്വകലാശാലകളില്‍ നിന്നു ഭിന്നമായി വി.സിക്ക് പകരം ഭരണസമിതികളുടെ യോഗം വിളിച്ചു ചേർക്കേണ്ടതും യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കേണ്ടതും ചെയർമാനാണ്.
കാലാവധി കഴിഞ്ഞ ചെയർമാനാണ് ഇപ്പോള്‍ അനധികൃതമായി 29ന് യോഗം വിളിച്ചു ചേർത്തത്. സി.എ.ജി കണ്ടെത്തിയ അനധികൃത സാമ്പത്തിക ക്രമക്കേടുകളുടെ സാധൂകരണവും കരാറടിസ്ഥാനത്തില്‍ നിയമിച്ചിട്ടുള്ള അദ്ധ്യാപകർക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനവും യോഗത്തിന്റെ അജൻഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 30 അദ്ധ്യാപകതസ്തികകളില്‍ നിയമനം നടത്തുന്നതിലും തീരുമാനമുണ്ടാകും.

കാലാവധി കഴിഞ്ഞ ചെയർമാൻ വിളിച്ചു ചേർത്തിട്ടുള്ള ബോർഡ് ഒഫ് ഗവർണേഴ്സിന്റെ യോഗം തടയണമെന്നും ചെയർമാൻ ഉള്‍പ്പെടെയുള്ള ഭരണസമിതി അടിയന്തരമായി പുനഃസംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ഗവർണർക്കും ഐ.ടി മന്ത്രിക്കും നിവേദനം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi