കാണ്‍പൂർ: സർക്കാർ ആശുപത്രിയില്‍ ഡോക്‌ടറുടെ ഡ്രൈവർ രോഗികളെ പരിശോധിച്ച് മരുന്നുനല്‍കിയെന്ന് പരാതി. ഉത്തർപ്രദേശില്‍ കാണ്‍പൂരിലെ കാൻഷി റാം കംബൈൻഡ് ആശുപത്രി ആന്റ് ട്രോമ സെന്ററിലാണ് സംഭവം.
ഡോക്‌ടറുടെ ഡ്രൈവറായ ദേവ് രോഗികളെ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
വീഡിയോയില്‍ രോഗികളോട് ആരോഗ്യ പ്രശ്‌നങ്ങളുണ്ടോയെന്നും വയറുവേദനയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടോയെന്നും ദേവ് ചോദിക്കുന്നത് കാണാം. തുടർന്ന് ഇയാള്‍ രോഗികള്‍ക്ക് മരുന്നുകള്‍ നിർദേശിച്ചതായാണ് വിവരം. ഒരു കേസുമായി ബന്ധപ്പെട്ട് എമർജൻസി മെഡിക്കല്‍ ഓഫീസർ രാംകേഷ് കോടതിയില്‍ പോയ സമയത്താണ് പരിശോധിച്ചതെന്നാണ് വിവരം. ഡോക്‌ടറുടെ അഭാവത്തില്‍ ഒപിയിലുണ്ടായിരുന്ന രോഗികളെ ഡ്രൈവർ റൂമിലേക്ക് വിളിച്ചുവരുത്തി പരിശോധിക്കുകയായിരുന്നു.
താൻ കുറിച്ചുനല്‍കിയ മരുന്നുകള്‍ ആശുപത്രിക്ക് പുറത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍നിന്ന് വാങ്ങണമെന്ന് ഇയാള്‍ രോഗികളോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന്റെ വീഡിയോ വൈറലായതിനുപിന്നാലെ ആശുപത്രി അധികൃതർ ബന്ധപ്പെട്ട ഡോക്‌ടറോട് വിശദീകരണം തേടി. ഇത്തരത്തിലുള്ള അനാസ്ഥകള്‍ വീണ്ടും ആവർത്തിച്ചാല്‍ എഫ്‌ഐആർ ഉള്‍പ്പെടെയുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.

