Dailyhunt
ട്രൈബ്യൂണല്‍ ഭേദഗതി ബില്‍ മരവിപ്പിക്കുമെന്ന് സുപ്രീംകോടതി

ട്രൈബ്യൂണല്‍ ഭേദഗതി ബില്‍ മരവിപ്പിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: റദ്ദാക്കിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ട്രൈബ്യൂണല്‍ ഭേദഗതി ബില്ല് തയ്യാറാക്കിയതിന് കേന്ദ്ര സര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ചു.

ബില്‍ മരവിപ്പിക്കുമെന്ന മുന്നറിയിപ്പും നല്‍കി. സുപ്രീംകോടതി നേരത്തെ റദ്ദാക്കിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതിനെയാണ് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസ് സൂര്യകാന്ത്,​ ഹിമാ കോഹ്ലി എന്നിവരുള്‍പ്പെട്ട ബെഞ്ച് സ്വമേധയാ കേസെടുത്ത് ബില്ല് മരവിപ്പിക്കുമെന്ന് വാക്കാല്‍ പറഞ്ഞത്. ട്രൈബ്യൂണല്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹ‌ര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

ട്രൈബ്യൂണല്‍ അംഗങ്ങളുടെ കാലാവധി സംബന്ധിച്ച്‌ സുപ്രീംകോടതി റദ്ദാക്കിയ വ്യവസ്ഥകള്‍, ഫിലിം സര്‍ട്ടിഫിക്കറ്റ് അപ്പലേറ്റ് ട്രൈബ്യൂണല്‍ അടക്കം ഒന്‍പതോളം ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം ഇല്ലാതാക്കുന്ന വ്യവസ്ഥകള്‍ തുടങ്ങിയവയാണ് ഭേദഗതി ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. ഇവയെല്ലാം കഴിഞ്ഞ ജൂലായ് 14ലെ വിധിയില്‍ സുപ്രീംകോടതി റദ്ദാക്കിയവയാണ്.

 നടപടി റദ്ദാക്കും

കാലാവധി കഴിയും മുന്‍പ് കമ്ബനി ലോ ട്രൈബ്യൂണല്‍ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് ജസ്‌റ്റിസ്‌ എ.ഐ.എസ്‌ ചീമയെ മാറ്റിയ നടപടി റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഈ മാസം 20ന് കാലാവധി അവസാനിക്കാനിരിക്കെ 10ന് അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത നടപടിയെ കഴിഞ്ഞ ദിവസം സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi