കല്‍പ്പറ്റ: മണിയൻകോട് ഓടമ്പം പൊയില്‍ ഉന്നതിയിലെ ചടയനും കുടുംബവും എല്ലാ മഴക്കാലത്തും ദുരിതാശ്വാസ ക്യാമ്പില്‍പോകേണ്ട സ്ഥിതിയാണ്.
മഴ ശക്തിപ്പെട്ടു തുടങ്ങുമ്പോള്‍ തന്നെ ചടയന്റെ വീടിന്റെ മുൻപില്‍ വെള്ളം എത്തും. ഇതോടെ വീട്ടില്‍ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാകും. ഈ മഴക്കാലത്തും സ്ഥിതിക്ക് മാറ്റം ഉണ്ടായില്ല. 2018 മുതല്‍ എല്ലാവർഷവും വെള്ളം കയറാറുണ്ടെന്ന് ചടയൻ പറയുന്നു.
ശനിയാഴ്ച വീടിന് ചുറ്റും വെള്ളം ഉയർന്നതോടെ അധികൃതർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാനായി എത്തി. എന്നാല്‍ വീട്ടില്‍ നിന്നും ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു ചടയൻ. മഴക്കാലത്ത് വെള്ളം ഉയരുമ്പോള്‍ മാത്രമാണ് തങ്ങളെ ഓർമ്മയുള്ളത്. എല്ലായിടത്തും വെള്ളം താഴ്ന്നാല്‍പോലും തന്റെ വീട്ടുമുറ്റത്ത് വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയാണെന്നും ചടയൻ പറയുന്നു. ഉന്നതിയിലെ ഭൂരിഭാഗം കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയെങ്കിലും ചടയനും കുടുംബവും മാത്രം വീട്ടില്‍ നിന്നും ഇറങ്ങാൻ തയ്യാറായില്ല. മഴയ്ക്ക് ശമനം ഉണ്ടായാല്‍ പ്രശ്നപരിഹാരം ഉണ്ടാക്കാം എന്ന ഉറപ്പിന്മേല്‍ അതികൃതർ മടങ്ങുകയായിരുന്നു.

