Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കണം

കട്ടപ്പന: നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കാൻ കാലാനുസൃതമായ ഗതാഗത പരിഷ്‌കരണം നടപ്പിലാക്കണമെന്ന് ബി.ഡി.ജെ.എസ് നേതാക്കള്‍.

അശോക ജംഗ്ഷൻ , ഇടുക്കികവല , ചേന്നാട്ടമറ്റം ജംഗ്ഷൻ , ഇടശ്ശേരി ജംഗ്ഷൻ , പുതിയ ബസ്റ്റാൻഡ് , ഗുരുമന്ദിരം ജംഗ്ഷൻ , പള്ളിക്കവല തുടങ്ങി നഗരത്തിലെ സുപ്രധാന സ്ഥലങ്ങളിലെല്ലാം രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.
നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതും ഗതാഗതതടസത്തിന് കാരണമാകുന്നുണ്ട്. പൊലീസ് സ്റ്റേഷനു സമീപത്തുനിന്നും പള്ളിക്കവലവരെയുള്ള ഭാഗങ്ങളില്‍ ഫുട്പാത്തില്‍ പോലും വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നുണ്ട്. വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാർ ഈ ഭാഗത്ത് റോഡില്‍ ഇറങ്ങി നടക്കേണ്ട അവസ്ഥയാണുള്ളത്. നഗരത്തിനുള്ളിലെ ബസ് സ്റ്റോപ്പുകള്‍ പുനക്രമീകരണം നടത്താൻ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണം. സെൻട്രല്‍ ജംഗ്ഷനിലേയും മാർക്കറ്റ് ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകള്‍ വലിയ രീതിയില്‍ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. ബസ് സ്റ്റോപ്പുകള്‍ പുന:ക്രമീകരണം നടത്തി യാത്രക്കാർക്ക് ഗുണകരമായ രീതിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിർമ്മിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ബൈപാസ് റോഡുകള്‍ പ്രയോജനപ്പെടുത്തി നഗരത്തിലെ വാഹന ബാഹുല്യം കുറയ്ക്കണം. പാറക്കടവ് ബൈപാസ് റോഡ് പള്ളിക്കവലയില്‍ തിരിയുന്നതിന് പകരം അമ്പലക്കവല വഴി ഇരുപതേക്കറില്‍ എത്തുന്ന രീതിയില്‍ ആക്കണം.അശോക ജംഗ്ഷനില്‍ നിന്നും ഗുരുമന്ദിരത്തിന് സമീപം എത്തുന്ന രീതിയില്‍ മേല്പാലം നിർമ്മിക്കാൻ കഴിയുന്ന സാധ്യതകള്‍ പഠിക്കാൻ ഉത്തരബാധിത്വപ്പെട്ട വകുപ്പുകള്‍ തയ്യാറാകണം. കട്ടപ്പന നഗരത്തിന്റെ വളർച്ചയ്ക്കനുസരിച്ച്‌ കാതലായ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ കാലാനുസൃതമായി ചെയ്യാനുള്ള ഇശ്ചാശക്തി മുനിസിപ്പല്‍ ഭരണ സമിതി കൈക്കൊള്ളണം.

ഏത് കാര്യത്തിന്റേയും ഗുണകരമായ പ്രയോജനം തങ്ങള്‍ക്കും ദോഷവശങ്ങള്‍ പൊതുജനങ്ങളും അനുഭവിച്ചാല്‍ മതിയെന്ന ചിലരുടെ പിടിവാശിയാണ് കട്ടപ്പനയിലെ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ എല്ലാക്കാലത്തും അട്ടിമറിക്കപ്പെടുന്നതിന്റെ കാരണമെന്നും ബി.ഡി.ജെ.എസ്
ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ, കട്ടപ്പന മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് അശോകൻ കാരുവേലില്‍ എന്നിവർ പറഞ്ഞു.

കഴിഞ്ഞദിവസം നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പൊതുജനങ്ങള്‍ നട്ടംതിരിയുന്നത് കേരളകൗമുദി അധികാരികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi