ബംഗളുരു: കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് മുന്നോട്ടു വച്ച നിർദ്ദേശം തള്ളി സിദ്ധരാമയ്യ.
ദേശീയ നേതൃത്വം വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റ് സിദ്ധരാമയ്യ നിരസിച്ചു. എം.എല്‍.എ ആയി കർണാടക രാഷ്ട്രീയത്തില്‍ തന്നെ തുടരാനാണ് താത്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജി സമർപ്പിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്.
ഹൈക്കമാൻഡ് ആവശ്യപ്പെടുമ്പോള്‍ രാജിവയ്ക്കുമെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. രണ്ട് ദിവസം മുൻപ് അവർ എന്നോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടു. അതിനാല്‍ ഞാൻ രാജി സമർപ്പിച്ചു എന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.
മേയ് 20ഓടെ സിദ്ധരാമയ്യ മുഖ്യമന്ത്രി കസേരയില്‍ മൂന്ന് വർഷം പൂർത്തിയാക്കിയിരുന്നു.
ബംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയില്‍ ഇന്ന് രാവിലെ നടന്ന പ്രഭാതഭക്ഷണ യോഗത്തിലാണ് സിദ്ധരാമയ്യ തന്റെ രാജി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, മന്ത്രിമാരായ എം.ബി പാട്ടീല്‍, സതീഷ് ജാർക്കിഹോളി, ഡോ. ജി. പരമേശ്വര, മധു ബംഗാരപ്പ, രാമലിംഗ റെഡ്ഡി, ചലുവരയസ്വാമി തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് നിയമസഭാ കക്ഷി (സി.എല്‍.പി) യോഗത്തിന് ശേഷം പുതിയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. എങ്കിലും ഡി.കെ ശിവകുമാർ തന്നെയാകും അടുത്ത മുഖ്യമന്ത്രിയെന്ന് പാർട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. ചൊവ്വാഴ്ച ദില്ലിയില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി സിദ്ധരാമയ്യ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി പ്രഖ്യാപനം. രണ്ടര വർഷത്തിന് ശേഷം അധികാരം ശിവകുമാറിന് കൈമാറണമെന്ന മുൻ ധാരണ നടപ്പിലാക്കാൻ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സിദ്ധരാമയ്യയ്ക്ക് നേരിട്ട് നിർദേശം നല്‍കുകയായിരുന്നു

