ശ്രീനഗർ : ഇന്ത്യൻ ഫുട്ബാള്‍ ലീഗിലെ തരംതാഴ്ത്തല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഗോകുലം കേരള എഫ്.സിക്ക് കനത്ത തോല്‍വി.
റയല്‍ കാഷ്മീർ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ഗോകുലം കേരളയെ കീഴടക്കിയത്. 30-ാം മിനിട്ടില്‍ അമിനു ബൗബ രണ്ടാം മഞ്ഞക്കാർഡും മാർച്ചിംഗ് ഓർഡറും ഏറ്റുവാങ്ങി മടങ്ങിയതാണ് ഗോകുലത്തിന് തിരിച്ചടിയായത്. 25-ാം മിനിട്ടില്‍ ഗോകുലം താരത്തിന്റെ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ കാശ്മീരിനായി 50-ാം മിനിട്ടില്‍ ചാള്‍സും 53-ാം മിനിട്ടില്‍ മോസസും സ്കോർ ചെയ്തു.
ഗോകുലം, റയല്‍ കാശ്മീർ,ഐസ്വാള്‍ എഫ്.സി,നാംധാരി എഫ്.സി എന്നിവരാണ് റെലഗേഷൻ റൗണ്ടില്‍ മത്സരിക്കുന്നത്. ഇതില്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ ഇന്ത്യൻ ഫുട്ബാള്‍ ലീഗിന്റെ അടുത്ത സീസണിലും കളിക്കും.
വനിതകള്‍ക്ക് വിജയം
കോഴിക്കോട് : ഇന്ത്യൻ വിമൻസ് ലീഗ് ഫുട്ബാളില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്.സി ടീം മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് സെസാ ഗോവയെ കീഴടക്കി. ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇൻജുറി ടൈമില്‍ റോജ,79-ാം മിനിട്ടില്‍ ഒഗ്ബിയാഗ്ബേവ,87-ാം മിനിട്ടില്‍ എസ്.ഷില്‍ജി എന്നിവരാണ് ഗോകുലത്തിന് വേണ്ടി സ്കോർ ചെയ്തത്.
എട്ടുമത്സരങ്ങളില്‍ ഗോകുലത്തിന്റെ രണ്ടാം വിജയമാണിത്. എട്ടുടീമുകളടങ്ങുന്ന ലീഗില്‍ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഗോകുലം. 24 പോയിന്റുള്ള ഈസ്റ്റ് ബംഗാളാണ് ഒന്നാം സ്ഥാനത്ത്.

