ന്യൂഡല്‍ഹി: 'ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിപക്ഷം നടത്തുന്നത് രാജ്യത്തെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ആദ്യ പടിയാണ്.
അടുത്ത ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും"- രംലീലാ മൈതാനിയില്‍ ആയിരങ്ങളോടായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഞങ്ങള്‍ മോദിക്കും ഷായ്‌ക്കും പിന്നാലെ വന്ന് നിയമനടപടി സ്വീകരിക്കും. രാജ്യത്തിന് നീതി ഉറപ്പാക്കും.
വോട്ട് കൊള്ള നടത്തിയ ഗ്യാനേഷ് ജയിലില്‍ പോകും. ഇത് രാജ്യദ്റോഹമാണ്. നിയമത്തിന്റെ ഭാഷയില്‍ 'അപൂർവങ്ങളില്‍ അപൂർവം". ഗ്യാനേഷ് കുമാർ ഇല്ലായിരുന്നെങ്കില്‍ മോദി പ്രധാനമന്ത്രിയും അമിത് ഷാ ആഭ്യന്തരമന്ത്രിയും ആകുമായിരുന്നില്ല. എത്ര വലിയവനായാലും എത്ര പണവും അധികാരവും ഉണ്ടെങ്കിലും, ഭരണഘടനയ്‌ക്ക് മുകളിലല്ലെന്ന ശക്തമായ സന്ദേശമാണ് രാംലീലയിലെ വൻ ജനപങ്കാളിത്തം നല്‍കുന്നത്.മോദിയും അമിത് ഷായും തന്റെ ശത്രുവല്ല. വെറുപ്പും ശത്രുതയും വേണ്ട, ഐക്യവും സാഹോദര്യവും മാത്രമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഓരോ ഇന്ത്യക്കാരന്റെയും ശബ്ദം കേള്‍ക്കണം. അതാണ് എന്റെ മതം. രാജ്യത്ത് വളരെക്കാലമായി വോട്ട് മോഷണം നടക്കുന്നു.
പശ്ചിമ ബംഗാള്‍, ബീഹാർ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ വോട്ടുകൊള്ളയുടെ ഉദാഹരണമാണ്. 2024 ലെ പൊതുതിരഞ്ഞെടുപ്പും വോട്ടു കൊള്ളയ്ക്കിരയായി. രാജ്യത്തെ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളും സി.ബി.ഐ, ഇഡി, ജുഡിഷ്യറി, ബ്യൂറോക്രസി, പൊലീസ് തുടങ്ങിയവയും ആർ.എസ്.എസ് പിടിച്ചെടുത്തു. കർഷകർക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കുന്നില്ല, യുവാക്കള്‍ക്ക് ജോലി ലഭിക്കുന്നില്ല. എല്ലാം അദാനി, അംബാനി തുടങ്ങിയ ഏതാനും ശതകോടീശ്വരന്മാർക്ക് കൈമാറി- രാഹുല്‍ പറഞ്ഞു.

