ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേ ചാനലിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നാളെ ആഹ്വാനം ചെയ്ത തീരദേശ ഹര്‍ത്താല്‍ രാഷ്ട്രീയപ്രേരിതമാണെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന് (സി.ഐ.ടി.യു) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.ചിത്തരഞ്ജന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കാലവര്‍ഷത്തില്‍ കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിക്കാന്‍ സ്പില്‍വേയുടെ 370 മീറ്റര്‍ നീളത്തില്‍ കടല്‍തീരം വരെയുള്ള ഭാഗത്തെ മണല്‍ നീക്കംചെയ്ത് നീരോഴുക്ക് സുഗമമാക്കുന്ന പ്രവര്‍ത്തനമാണ് തടസപ്പെടുത്താന്‍ ശ്രമിക്കുന്നത്. കരിമണല്‍ ഖനനമായി ഇതിനെ കാണാന്‍ കഴിയില്ല. ഒരുതരത്തിലുള്ള അഴിമതിയും നടന്നിട്ടില്ല.
വിഷയത്തില്‍ ശക്തമായ നിലപാട് എടുത്തതിന് കോണ്‍ഗ്രസും ബി.ജെ.പിയും മന്ത്രി ജി.സുധാകരനെതിരെ രംഗത്ത് വന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ചിത്തരഞ്ജന് പറഞ്ഞു. മത്സ്യത്തൊഴിലാളി യൂണിയന് ജില്ലാ പ്രസിഡന്റ് ഐ.ഹാരീസ്, സെക്രട്ടറി സി.ഷാംജി എന്നിവരും ഒപ്പമുണ്ടായിരുന്നു.
