Dailyhunt
ഐക്യരാഷ്ട്രസഭ ആചരിച്ചു തുല്യശമ്ബളദിനം

ഐക്യരാഷ്ട്രസഭ ആചരിച്ചു തുല്യശമ്ബളദിനം

കൊച്ചി: ലിംഗഭേദമില്ലാതെ തുല്യമൂല്യമുള്ള ജോലികള്‍ക്ക് തുല്യവേതനമെന്ന മുദ്രാവാക്യത്തിന് ഐക്യരാഷ്ട്രസഭയുടെ ഐക്യദാര്‍ഢ്യം. സെപ്തംബര്‍ 18 ''അന്താരാഷ്ട്ര തുല്യശമ്ബളദിന''മായി ആചരിച്ചുകൊണ്ടാണ് യു.എന്‍. പുതിയ പ്രഖ്യാപനം നടത്തിയത്. ഇനി മുതല്‍ എല്ലാവര്‍ഷവും സെപ്തംബ‌ര്‍ 18ന് തുല്യശമ്ബളദിനമായി ആചരിക്കാനും യു.എന്‍.ആഹ്വാനം ചെയ്തു.

മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധത വെളിവാക്കുന്നതിനൊപ്പം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ വിവേചനങ്ങളെ ചെറുക്കുന്നതിനുള്ള ആഹ്വാനവുമായാണ് പുതിയദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് യു.എന്‍. ഇത് സംബന്ധിച്ച്‌ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ആഗോളതലത്തില്‍ ലിംഗ - വേതന അന്തരം 23 ശതമാനമാണെന്നാണ് യു.എന്‍. വിലയിരുത്തല്‍. തുല്യമൂല്യമുള്ള ജോലിയില്‍ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ഓരോഡോളറിന്റെയും സ്ഥാനത്ത് 77 സെന്റ് മാത്രമെ സ്ത്രീകള്‍ക്ക് ലഭിക്കുന്നുള്ളു. ഈ നിരക്ക് തുടര്‍ന്നാല്‍, ആഗോള ലിംഗവേതന വ്യത്യാസം പരിഹരിക്കാന്‍ വര്‍ഷങ്ങളെടുക്കും. കുറഞ്ഞ ശമ്ബളമുള്ള, കുറഞ്ഞ നൈപുണ്യമുള്ള ജോലികളില്‍ സ്ത്രീകള്‍ കൂടുതല്‍ അരക്ഷിതാവസ്ഥയുള്ളവരും തീരുമാനമെടുക്കുന്ന റോളുകളില്‍ പ്രാതിനിധ്യം കുറഞ്ഞവരുമാണ്. പാചകം, വീടും പരിസരവും വൃത്തിയാക്കല്‍ വെള്ളവും വിറകും ശേഖരിക്കല്‍, കുട്ടികളെയും പ്രായമായവരെയും പരിപാലിക്കല്‍ എന്നിങ്ങനെ ശമ്ബളമില്ലാത്ത ഗാര്‍ഹിക പരിചരണ ജോലികളില്‍ പുരുഷന്മാരേക്കാള്‍ കുറഞ്ഞത് രണ്ടര ഇരട്ടിയാണ് സ്ത്രീകളുടെ ജോലിഭാരം.

സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ചരിത്രപരവും ഘടനാപരവുമായ അസമത്വം, ദാരിദ്ര്യം, മറ്റ് അസമത്വങ്ങള്‍, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കഴിവുകള്‍ പരിഭോഷിപ്പിക്കുന്നതിനും പുതിയ അവസരങ്ങളിലേക്കും സാദ്ധ്യതകളിലേക്കും അവരെ നയിക്കുന്നതിലുള്ള പോരായ്മകള്‍ എന്നിവയൊക്കെയാണ് നിലവിലുള്ള അസമത്വത്തിന് കാരണം. അത് പരിഹരിക്കുന്നതിന് യുണൈറ്റഡ് നേഷന്‍സ്, യുഎന്‍ വനിതാ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐ.എല്‍.ഒ), പൊതുസമൂഹം, ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍, തൊഴില്‍ സംഘടനകള്‍ എന്നിവര്‍ ഉള്‍പ്പെടെ മുഴുവന്‍ ലോകസമൂഹത്തിന്റെയും പരിശ്രമവും അദ്ധ്വാനവും ആവശ്യമാണെന്നും ദിനാചരണം ആഹ്വാനം ചെയ്യുന്നു.

ലിംഗവിവേചനം

# 65 വയസിനുമുകളില്‍ പ്രായമുള്ള 220 ദശലക്ഷം സ്ത്രീകള്‍ക്ക് സ്ഥിരവരുമാനമില്ല

#തൊഴില്‍ ഇല്ലായ്മ ആഗോളശരാശരി -5.8 ശതമാനം, പുരു.- 5.5. ശതമാനം, സ്ത്രീകള്‍- 6.2 ശതമാനം

# യുവാക്കളുടെ തൊഴിലില്ലായ്മ ആഗോളശരാശരി 13.1 ശതമാനം, പുരു. 12.5 ശതമാനം, സ്ത്രീ- 13.9 ശതമാനം.

# സ്ത്രീകളുടെ തൊഴില്‍ വിഭജനം: സേവനം -61.5 ശതമാനം, വ്യവസായം- 13.5 ശതമാനം, കൃഷി- 25 ശതമാനം.

# സ്ത്രീകളുടെ നേതൃത്വപദവി: പാര്‍ലമെന്റ് 23 ശതമാനം

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi