Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ന് അല്‍ഷിമേഴ്സ് ദിനം നിസാരമാക്കരുത്  മറവികളെ

ഇന്ന് അല്‍ഷിമേഴ്സ് ദിനം നിസാരമാക്കരുത് മറവികളെ

കൊച്ചി: മറവികള്‍ പലതും ഡിമെൻഷ്യ അഥവാ അല്‍ഷിമേഴ്സ് രോഗത്തിന്റെ പ്രാരംഭ സൂചനകളാകാമെന്ന് വിദഗ്ദ്ധർ. എല്ലാ മറവികളെയും നിസാരമെന്ന് തള്ളിക്കളയരുതെന്ന് അല്‍ഷിമേഴ്സ് ദിനത്തില്‍ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.

തലച്ചോറിലെ രോഗബാധ മൂലം സംഭവിക്കുന്ന വൈജ്ഞാനിക തകരാറുകള്‍ തിരിച്ചറിയേണ്ടത് രോഗനിർണയത്തിനും ശരിയായ പരിചരണത്തിനും അത്യന്താപേക്ഷിതമാണ്. ലക്ഷണങ്ങളെ ശരിയായി വിശകലനം ചെയ്ത് വിദഗ്ദ്ധാഭിപ്രായം തേടണം.

ഓർത്തെടുക്കാൻ പ്രയാസം

പ്രായമായവർ ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് കേട്ട കാര്യങ്ങളും അടുത്തിടെ നടന്ന സംഭവങ്ങളും മറക്കുന്നതും ഒരേ ചോദ്യം ആവർത്തിക്കുന്നതും സാധാരണമല്ല. ഇത് തലച്ചോറിനെ ബാധിക്കുന്ന ഡിമെൻഷ്യയുടെ ആദ്യകാല ലക്ഷണമാണ്.

ദിനചര്യകള്‍ക്ക് ബുദ്ധിമുട്ട്

മുമ്പ് വളരെ എളുപ്പത്തില്‍ ചെയ്തിരുന്ന കാര്യങ്ങള്‍ ചെയ്യാൻ പ്രയാസം നേരിടുക ഡിമെൻഷ്യയുടെ ലക്ഷണമാണ്. കൃത്യമായി ചെയ്തിരുന്ന കാര്യങ്ങള്‍ സാധിക്കാത്തത് വൈജ്ഞാനികശേഷിയുടെ അപചയത്തെയാണ് സൂചിപ്പിക്കുന്നത്.

സ്ഥലകാല ബോധമില്ലായ്മ

വീടിനടുത്ത് വഴിയറിയാതെ തെറ്റിപ്പോകുക, വർഷമോ ദിനമോ ഓർക്കാൻ കഴിയാതിരിക്കുക എന്നിവ ഗൗരവമായി കാണണം. സംസാരിക്കുമ്പോള്‍ ഉചിതമായ വാക്കുകള്‍ കിട്ടാത്തതും ഒരേ വാക്ക് ആവർത്തിക്കുന്നതും വിഷയം വിട്ടുപോകുന്നതും രോഗം ബാധിക്കുന്നതിനാലാണ്.

പെരുമാറ്റ, വ്യക്തിത്വ മാറ്റങ്ങള്‍

ശാന്തനായിരുന്ന വ്യക്തി പെട്ടെന്ന് കടുത്ത കോപമോ സംശയമോ കടുത്ത വിഷാദമോ കാണിക്കുന്നത് പ്രധാന മുന്നറിയിപ്പാണ്. സാമൂഹിക കൂട്ടായ്മകളില്‍ നിന്നോ ഹോബികളില്‍ നിന്നോ പിൻവലിയുന്നതും ശ്രദ്ധിക്കണം.

ഡിമെൻഷ്യ പ്രായമാകുമ്പോള്‍ വരാവുന്ന അവസ്ഥയല്ല. തലച്ചോറിനെ ബാധിക്കുന്ന രോഗാവസ്ഥയാണ്. രോഗം മുൻകൂട്ടി തിരിച്ചറിഞ്ഞ് മരുന്നുകളിലൂടെയും തെറാപ്പികളിലൂടെയും തീവ്രത കുറയ്ക്കാനും രോഗിയുടെ ജീവിതനിലവാരം വർദ്ധിപ്പിക്കാനും സാധിക്കും.

ഡോ. റെജി പോള്‍

സീനിയർ കണ്‍സള്‍ട്ടന്റ്

ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi