ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്‍ഷ്വറന്‍സ് സ്‌കീമുകള്‍ക്ക് പ്രിയമേറുന്നു. ഏപ്രിലില്‍ പുതു ബിസിനസ് (ആദ്യ വര്‍ഷ) പ്രീമീയം ഇനത്തില്‍ രാജ്യത്തെ ഇന്‍ഷ്വറന്‍സ് കമ്ബനികള്‍ ചേര്‍ന്ന് സമാഹരിച്ചത് 9,738.79 കോടി രൂപയാണ്. 45 ശതമാനമാണ് വര്‍ദ്ധനയെന്ന് ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (ഐ.ആര്‍.ഡി.എ.ഐ) റിപ്പോര്‍ട്ട് വ്യക്തമാക്കി. 2020 ഏപ്രിലില്‍ ഇന്ത്യയിലെ 24 ലൈഫ് ഇന്‍ഷ്വറന്‍സ് കമ്ബനികളും ചേര്‍ന്ന് നേടിയത് 6,727.74 കോടി രൂപയായിരുന്നു.
ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്ബനിയും പൊതുമേഖലാ സ്ഥാപനവുമായ എല്‍.ഐ.സിയുടെ ആദ്യ വര്‍ഷ പ്രീമിയം വരുമാനം 35.6 ശതമാനം വര്‍ദ്ധിച്ച് 4,856.76 കോടി രൂപയായി. 2020 ഏപ്രിലില്‍ വരുമാനം 3,581.65 കോടി രൂപയായിരുന്നു. സ്വകാര്യ കമ്ബനികളുടെ വരുമാനത്തില്‍ വര്‍ദ്ധന 55 ശതമാനമാണ്.
ഇന്‍ഷ്വറന്‍സ് പോളിസികളുടെ എണ്ണം കഴിഞ്ഞമാസം 140 ശതമാനം ഉയര്‍ന്ന് 9.96 ലക്ഷത്തിലെത്തി. എല്‍.ഐ.സിയുടെ പോളിസികളുടെ എണ്ണം മാത്രം 275 ശതമാനം കുതിച്ച് 6.92 ലക്ഷമായി. 32 ശതമാനം വളര്‍ച്ചയോടെ 3.04 ലക്ഷം പോളിസികളാണ് സ്വകാര്യ കമ്ബനികള്‍ ചേര്‍ത്തത്.

