പ്രതിഷേധവുമായി കോണ്‍ഗ്രസ്
കട്ടപ്പന: ഇരട്ടയാർ- നാങ്ക് തൊട്ടി- വാഴവര റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ അനിശ്ചിതമായി നീളുന്നതിനെതിരെ വ്യാപക പ്രതിഷേധം.
മാസങ്ങള്‍ക്ക് മുമ്പ് ആധുനിക നിലവാരത്തില്‍ പുനരുദ്ധാരണം ആരംഭിച്ച റോഡ് ഇപ്പോള്‍ യാത്രക്കാർക്ക് വലിയ അപകടക്കെണിയായി മാറിയിരിക്കുകയാണ്. റോഡ് വികസനത്തിന്റെ ഭാഗമായി സംരക്ഷണഭിത്തികള്‍ക്കും കലുങ്കുകള്‍ക്കുമായി വിവിധ ഭാഗങ്ങളില്‍ റോഡ് പൊളിച്ചിടുകയും മണ്ണ് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍, റോഡ് വെട്ടിപ്പൊളിച്ചതിന് ശേഷം തുടർപ്രവൃത്തികള്‍ മന്ദഗതിയിലായതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. റോഡിന്റെ തകർന്ന അവസ്ഥ കാരണം കാല്‍നടയാത്രക്കാരും വാഹന യാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. ഇതിനോടകം തന്നെ നിരവധി ഇരുചക്രവാഹനങ്ങളാണ് ഈ ഭാഗത്ത് അപകടത്തില്‍പ്പെട്ടത്.
പ്രതിഷേധവുമായി കോണ്‍ഗ്രസ്
നിർമ്മാണ പ്രവർത്തനങ്ങള്‍ അടിയന്തരമായി പൂർത്തിയാക്കണമെന്ന് കോണ്‍ഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പണികള്‍ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കരാറുകാരോട് പലതവണ ആവശ്യപ്പെട്ടെങ്കിലും നിർമ്മാണം ഉടൻ പുനരാരംഭിക്കുമെന്ന ഉറപ്പല്ലാതെ പ്രായോഗികമായ നടപടികള്‍ ഉണ്ടാകുന്നില്ല. കരാറുകാരുടെ അനാസ്ഥയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍, വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കാൻ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

