Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട്  ജെയ്ഷെ  മുഹമ്മദ്   ഭീകരരെ  വധിച്ച്‌  സുരക്ഷാസേന

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ച്‌ സുരക്ഷാസേന

ശ്രീനഗർ: ജമ്മു കാശ്മീരിലെ ഉധംപൂർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച്‌ സുരക്ഷാസേന. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച രാത്രിയോടെ സോഹൻ മേഖലയിലുണ്ടായ ഏറ്റുമുട്ടിലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. മേഖലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ചിലരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്. ജമ്മു കാശ്മീർ പൊലീസ്, രാഷ്ട്രീയ റൈഫിള്‍സ്, പാരാ സ്‌പെഷ്യല്‍ ഫോഴ്സ് എന്നിവർ സംയുക്തമായി പ്രദേശത്ത് തമ്പടിച്ചതോടെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു.

തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ രണ്ട് ഭീകര‌രെ സൈന്യം വധിച്ചത്. ഇവരില്‍ നിന്ന് വൻതോതില്‍ ആയുധ ശേഖരം കണ്ടെടുത്തതായാണ് വിവരം. കൊല്ലപ്പെട്ടവർ വിദേശികളാണെന്നാണ് സൂചനയെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. മുൻകരുതല്‍ നടപടികളുടെ ഭാഗമായാണ് നടപടി. മറ്റുഭീകരർ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടോ എന്ന് കണ്ടെത്താനായി വ്യാപകമായ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. വരുംദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നും പിടിച്ചെടുത്ത ആയുധങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ഉടൻ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi