പൂച്ചാക്കല്‍: ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലെ തോടുകളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് തുടർക്കഥയാകുന്നു.
പാണാവള്ളി പഞ്ചായത്തിലെ 14-ാം വാർഡില്‍ ശ്രീകണ്ഠേശ്വരം - അറയ്ക്കല്‍ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. തോട്ടില്‍ മാലിന്യം നിറഞ്ഞതോടെ പ്രദേശത്ത് അസഹനീയമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്.
വേമ്പനാട്ടുകായലുമായി ബന്ധിപ്പിച്ചാണ് ശ്രീകണ്ഠേശ്വരം, അറയ്ക്കല്‍ തോട് ഉള്‍പ്പെടെയുള്ള ജലപാതകള്‍ സ്ഥിതി ചെയ്യുന്നത്. തോടുകളുടെ ഇരുവശങ്ങളിലും കയർ, കക്ക, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കക്കൂസ് മാലിന്യത്തിന്റെ ദുർഗന്ധം കാരണം വീടുകളില്‍ കഴിയാനും ഭക്ഷണംപാകം ചെയ്യാനും കഴിക്കാനും കഴിയാത്ത അവസ്ഥയാണെന്ന്
നാട്ടുകാർ പറയുന്നു.
മാലിന്യം കലർന്ന വെള്ളമായതിനാല്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും ഇത് ബാധിക്കുന്നുണ്ട്. മലിനജലത്തില്‍ നിന്ന് രോഗങ്ങള്‍ പടരാനുള്ള സാദ്ധ്യതയും നിലനില്‍ക്കുന്നുണ്ട്. മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നാട്ടുകാർ പറയുന്നു.
നിരീക്ഷണ ക്യാമറകളില്ല
1.റോഡരികിലെ തോടുകളിലും ജലാശയങ്ങളിലും രാത്രിയുടെ മറവിലും, ചിലപ്പോള്‍ പകല്‍ സമയത്തുപോലും വാഹനങ്ങളിലെത്തിച്ച് മോട്ടോർ ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ മാലിന്യം ഒഴുക്കിവിടുകയാണ് പതിവ്
2. നിരീക്ഷണ സംവിധാനങ്ങളെയെല്ലാം കമ്പളിപ്പിച്ചാണ് മാലിന്യം തള്ളുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി പരാതികള്‍ ഉയർന്നിട്ടും മാലിന്യം തള്ളുന്ന ഒരു വാഹനം പോലും ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും അവർ ആരോപിക്കുന്നു
3. പല സംഭവങ്ങളിലും പൊലീസ് കേസെടുക്കുന്നുണ്ടെങ്കിലും പൊതുസ്ഥലങ്ങളിലെ സി.സി ടി.വി ക്യാമറകളുടെ അഭാവം അന്വേഷണത്തിന് തിരിച്ചടിയാകുകയാണ്. പൂച്ചാക്കല്‍ മേഖലയിലെ പല ഭാഗങ്ങളിലും നിരീക്ഷണ ക്യാമറകള്‍ ഇല്ലെന്നതാണ് അധികൃതർ നേരിടുന്ന പ്രശ്നം

