Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജന്തര്‍മന്ദറിലെ വിദ്യാര്‍ത്ഥി പ്രതിഷേധം: നുഴഞ്ഞുകയറി കലാപം ഉണ്ടാക്കാൻ ജെയ്ഷെ ശ്രമം

ജന്തര്‍മന്ദറിലെ വിദ്യാര്‍ത്ഥി പ്രതിഷേധം: നുഴഞ്ഞുകയറി കലാപം ഉണ്ടാക്കാൻ ജെയ്ഷെ ശ്രമം

ന്യൂഡല്‍ഹി: ഡല്‍ഹി ജന്തർമന്ദറിലെ വിദ്യാർത്ഥി പ്രതിഷേധത്തില്‍ നുഴഞ്ഞു കയറി കലാപമുണ്ടാക്കാൻ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് പദ്ധതിയിട്ടെന്ന് റിപ്പോർട്ട്.

പശ്ചിമ ബംഗാളിലെ പുർബ ബർധമാനില്‍ അറസ്റ്റിലായ ഹമീം മൊണ്ടലാണ് വെളിപ്പെടുത്തിയത്.

പൊലീസ് യൂണിഫോമില്‍ ജന്തർമന്ദറിലെ ആള്‍ക്കൂട്ടത്തിനിടയില്‍ കുഴപ്പമുണ്ടാക്കാൻ പാകിസ്ഥാനില്‍ നിന്ന് ഹമീമിന് നിർദ്ദേശം ലഭിച്ചിരുന്നു. വിദ്യാർത്ഥി പ്രതിഷേധത്തില്‍ പാക് ഇടപെടലുണ്ടായെന്ന് ഡല്‍ഹി പൊലീസ് സംശയിച്ചിരുന്നു. ഭീകര റിക്രൂട്ട്‌മെന്റ്, മയക്കുമരുന്ന് - ഭീകര പ്രവർത്തനങ്ങളില്‍ ഉള്‍പ്പെട്ട ഷഹ്‌സാദ് ഭട്ടി ഗ്യാംഗുമായി ബന്ധമുള്ള പാക് ഹാൻഡ്‌ലർമാരുടെ നിർദ്ദേശപ്രകാരമാണ് ഇയാള്‍ പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

' റാന", 'ഉസൈർ", 'ആബിദ് ജാട്ട് 333", 'ഹമദ്" എന്നീ പാക് ഹാൻഡ്‌ലർമാരുമായുള്ള വാട്ട്‌സ്‌ആപ്പ്, ടെലിഗ്രാം, എലമെന്റ് ചാറ്റുകള്‍ ഫോണില്‍ കണ്ടെത്തി. യു.കെ, മെക‌്‌സിക്കോ രാജ്യങ്ങളിലെ അന്താരാഷ്ട്ര സിം കാർഡുകള്‍ പിടിച്ചെടുത്തു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും ഹമീമിനെ ചുമതലപ്പെടുത്തിയിരുന്നു. പ്രവർത്തകരെ റിക്രൂട്ട് ചെയ്യുക, ബംഗാളില്‍ ഭീകര പ്രവർത്തനങ്ങള്‍ക്ക് കളമൊരുക്കുക എന്നീ ചുമതലകളും നല്‍കി. അഞ്ചു മാസം മുൻപാണ് ഇയാളെ പാക് ഭീകരസംഘടന റിക്രൂട്ട് ചെയ്തത്.

ജാർഖണ്ഡ് മന്ത്രി ഉമേഷ് റേയുടെ മകനെ ഹണിട്രാപ്പില്‍പ്പെടുത്താൻ ശ്രമിച്ച കേസില്‍ അറസ്റ്റിലായ അർപിത സർക്കാർ എന്ന യുവതിയില്‍ നിന്നാണ് ഹമീമിന്റെ വിവരങ്ങള്‍ ലഭിച്ചത്. ഹമീം വഴി പരിചയപ്പെടുന്ന രാഷ്‌ട്രീയക്കാരെ ഹണിട്രാപില്‍ വീഴ‌്ത്തുകയാണ് അർപിതയുടെ ജോലി. നാലു വർഷം മുൻപ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടതാണ് ഇരുവരും. രണ്ടുപേരെയും 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi