Dailyhunt
ജയിച്ചവരുടെ തോല്‍വി, പ്രതികളില്‍ പഴഞ്ചന്‍ സോഫ്‌റ്റ്‌വെയറും..?

ജയിച്ചവരുടെ തോല്‍വി, പ്രതികളില്‍ പഴഞ്ചന്‍ സോഫ്‌റ്റ്‌വെയറും..?

തിരുവനന്തപുരം: 2016 മുതല്‍ 2019 വരെയുള്ള കരിയര്‍ റിലേറ്റഡ് ബി.എ, ബി.എസ്‌സി പരീക്ഷകളില്‍ മോഡറേഷന്‍ നല്‍കിയപ്പോള്‍ മാര്‍ക്ക് കുറയുകയും വിദ്യാര്‍ത്ഥികള്‍ തോല്‍ക്കുകയും ചെയ്തതായി കേരള സര്‍വകലാശാല നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഒരു പരീക്ഷയിലാണ് മാര്‍ക്ക് കുറഞ്ഞതെന്ന് വൈസ് ചാന്‍സലര്‍ ഡോ. വി.പി. മഹാദേവന്‍ പിള്ള കേരളകൗമുദിയോട് പറഞ്ഞു. ഇതിനു പുറമെ ബി.ടെക് പുനര്‍മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് കൂടിയ നാല് വിദ്യാര്‍ത്ഥികള്‍ തോറ്റതായി കമ്ബ്യൂട്ടറില്‍ രേഖപ്പെടുത്തിയതായും കണ്ടെത്തി. മാര്‍ക്ക് കൂടിയതായി ചെയ്ഞ്ച് മെമ്മോ ലഭിച്ച വിദ്യാര്‍ത്ഥികള്‍ മെമ്മോയുമായി സര്‍വകലാശാലയിലെത്തിയപ്പോഴാണ് കമ്ബ്യൂട്ടറില്‍ മാറ്റമില്ലെന്ന് (നോ ചെയ്ഞ്ച്) രേഖപ്പെടുത്തിയതായി കണ്ടെത്തിയത്.

ഇതോടെ സോഫ്‌റ്റ്‌വെയറില്‍ ഗുരുതര പിശകുണ്ടായെന്ന നിഗമനത്തിലാണ് സര്‍വകലാശാല.

സോഫ്‌റ്റ്‌വെയറിലെ പിശക് നേരത്തേ കണ്ടെത്തിയെങ്കിലും കണ്ണടച്ചിരിക്കുകയായിരുന്നു അധികൃതര്‍. ബി.ടെക് വിദ്യാര്‍ത്ഥികളുടെ പുനര്‍മൂല്യനിര്‍ണയത്തിലെ പിശക് പരീക്ഷാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നിലെത്തിയെങ്കിലും നടപടിയുണ്ടായില്ല. കുട്ടികള്‍ മാര്‍ക്ക് കൂടിയ മെമ്മോയുമായി വരുമ്ബോള്‍ ഒത്തുനോക്കിയ ശേഷം തുടര്‍നടപടി മതിയെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചതല്ലാതെ ഒരു നടപടിയുമെടുത്തില്ല. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ പേഴ്സണല്‍ സ്റ്റാഫിനൊപ്പമെത്തിയ കുട്ടിക്ക് എല്‍എല്‍.ബി പരീക്ഷയ്ക്ക് മോഡറേഷനിലൂടെ മാര്‍ക്ക് കൂടിയെങ്കിലും മാര്‍ക്ക് ലിസ്റ്റില്‍ പരാജയപ്പെട്ടു എന്നാണുണ്ടായിരുന്നത്. സെക്‌ഷനില്‍ നിന്ന് പരാജയപ്പെട്ടെന്ന വിവരമറിഞ്ഞ് ഈ കുട്ടി സര്‍വകലാശാലയില്‍ ആത്മഹത്യയ്ക്കൊരുങ്ങി. ഇതിനു പിന്നാലെ സമാനമായ നാല് പിശകുകള്‍ കണ്ടെത്തി. ഈ സംഭവങ്ങളെല്ലാം സര്‍വകലാശാല മൂടിവയ്ക്കുകയായിരുന്നു.

സര്‍വകലാശാലാ കമ്ബ്യൂട്ടര്‍ സെന്റര്‍ ഇന്‍സ്റ്റാള്‍ ചെയ്ത പഴഞ്ചന്‍ സോഫ്‌റ്റ്‌വെയറില്‍ 2016ല്‍ കരിയര്‍ റിലേറ്റഡ് കോഴ്സുകളിലെ മോഡറേഷന്‍ അപ്‌ലോഡ് ചെയ്തപ്പോള്‍ മുതല്‍ പിശകുകള്‍ കാണപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല. പരാതിയുമായെത്തുന്ന കുട്ടികള്‍ക്ക് ശരിയായ മാര്‍ക്ക് നല്‍കുകയായിരുന്നു. ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്ത ഡെപ്യൂട്ടി രജിസ്ട്രാര്‍

എ.ആര്‍. രേണുക, തന്റെ സെക്‌ഷ‌നില്‍ അഞ്ച് കമ്ബ്യൂട്ടറുകളും 50 അസിസ്റ്റന്റുമാരുമുണ്ടെന്ന് നിരവധി യോഗങ്ങളില്‍ പരാതിപ്പെട്ടിരുന്നതാണ്. പക്ഷേ, അധികൃതര്‍ ചെവിക്കൊണ്ടില്ല. ഉദ്യോഗസ്ഥര്‍ മാറിപ്പോയാലും പാസ്‌വേര്‍ഡ് മാറ്റാറില്ലെന്നതും സോഫ്‌റ്റ്‌വെയറില്‍ മാര്‍ക്ക് ലോക്ക് ആവുന്നില്ലെന്നും നേരത്തേ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഫലമുണ്ടായിരുന്നില്ല.

''ഒരു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് മനഃപൂര്‍വം ആവണമെന്നില്ല. സാങ്കേതിക സമിതി ഇക്കാര്യങ്ങളും അന്വേഷിക്കും.''

ഡോ. വി.പി. മഹാദേവന്‍ പിള്ള

വൈസ് ചാന്‍സലര്‍

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi