കൊല്ലം: കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റർ മുതല്‍ 204.4 മില്ലി മീറ്റർ വരെ ലഭിക്കാവുന്ന അതിശക്തമായ മഴയ്ക്കാണ് സാദ്ധ്യത.
രാത്രി ഏഴ് മുതല്‍ രാവിലെ ഏഴുവരെയുള്ള സമയങ്ങളില്‍ മലയോരമേഖലയിലേക്കുള്ള യാത്രകള്‍ പരിമിതപ്പെടുത്തണം. ബീച്ചുകള്‍, പുഴകള്‍, തോടുകള്‍, വെള്ളക്കെട്ടുകള്‍ എന്നിവയില്‍ ഇറങ്ങരുത്. ചാലുകളിലോ ചപ്പാത്തുകളിലോ ശക്തമായ നീരൊഴുക്കുണ്ടെങ്കില്‍ മുറിച്ചുകടക്കരുത്. ഇടിമിന്നലുള്ളപ്പോള്‍ പുറത്തിറങ്ങുന്നതും മരങ്ങള്‍ക്കും ചെറിയ ചാലുകള്‍ക്കും അരികില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണം.
മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുത്. നിലവില്‍ കടലിലുള്ളവർ തിരിച്ചെത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കും കോസ്റ്റല്‍ പൊലീസിനും നിർദ്ദേശം നല്‍കി.
കിണർ നിർമ്മാണം, മണ്ണെടുപ്പ് ഉള്‍പ്പടെയുള്ള എല്ലാവിധ ഖനന പ്രവർത്തനങ്ങളും താത്കാലികമായി നിരോധിച്ചു. സാമൂഹ്യ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂറും എമർജൻസി ലൈഫ് സപ്പോർട്ട് വിദഗ്ദ്ധന്റെ സേവനത്തോടെ പ്രവർത്തിക്കും.
ശക്തമായ കാറ്റിന് സാദ്ധ്യത
ഇന്ന് മുതല്‍ ഏഴുവരെ ജില്ലയില്‍ മണിക്കൂറില്‍ 50 കിലോമീറ്റർ വേഗതയില്‍ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ മരച്ചുവട്ടില്‍ നില്‍ക്കരുത്, വാഹനങ്ങളും നിറുത്തിയിടരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ ചില്ലകള്‍ വെട്ടിയൊതുക്കണം.
