തൃശൂര്‍: ഈ മാസം മാത്രം പെയ്ത അപ്രതീക്ഷിത മഴയില്‍ ജില്ലയിലെ 2692 ഹെക്ടറുകളിലായുളള മുണ്ടകപ്പാടങ്ങളില്‍ നശിച്ചത് 40.73 കോടിരൂപയുടെ നെല്ല്. പ്രാഥമികകണക്കാണിതെങ്കിലും അടുത്തകാലത്തൊന്നും ഒക്ടോബറില്‍ ഇത്രയും വ്യാപകമായ നാശമുണ്ടായിട്ടില്ലെന്നാണ് നിഗമനം.
700 ഏക്കറില്‍ 650 കര്‍ഷകര്‍ കൃഷിചെയ്യുന്ന പുല്ലഴി കോള്‍പടവില്‍ മാത്രം 70 ഏക്കറില്‍ പൂര്‍ണമായും 30 ഏക്കറില്‍ ഭാഗികമായും കൃഷി നശിച്ചിരുന്നു. 50 എച്ച്.പിയുടെ ആറ് മോട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് വെള്ളം വറ്റിക്കല്‍ ജോലികള്‍ നടത്തിയിരുന്നത്. കഴിഞ്ഞ മാസം പെയ്ത മഴയിലും മുന്നൂറോളം ഏക്കറില്‍ കൃഷി നശിച്ചിരുന്നു. ചേറ്റുപുഴ കിഴക്കേ കോള്‍പ്പടവില്‍ 110 ഏക്കറിലാണ് കൃഷി വെള്ളത്തിലായത്.
മുല്ലശ്ശേരി, എളവള്ളി, വെങ്കിടങ്ങ് പഞ്ചായത്തുകളിലായി നശിച്ചത് 1085 ഏക്കര്‍ നെല്‍ക്കൃഷിയാണ്. പല പാടശേഖരങ്ങളിലും വിത, നടീല്‍ കഴിഞ്ഞിരിക്കുമ്ബോഴാണ് മഴയില്‍ മുങ്ങിയത്. നാശനഷ്ടത്തിന്റെ കണക്കെടുപ്പ് നടത്തി, കൃഷി നശിച്ചവര്‍ക്ക് പലയിടങ്ങളിലും വിത്ത് വിതരണം ചെയ്യും. വിത്തിനൊപ്പം പണിക്കൂലി ഇനത്തില്‍ ധനസഹായവും ലഭ്യമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പത്ത് ദിവസത്തിനുളളില്‍ നഷ്ടപരിഹാരത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ജില്ലയില്‍
- മുണ്ടകന്‍ കൃഷിയുളളത്: 13000 -15000 ഹെക്ടറില്‍
- മരച്ചീനി നശിച്ചത്: 32 ഹെക്ടറില്‍, നഷ്ടം 4.26 കോടി
- ഇഞ്ചി: എട്ട് ഹെക്ടറില്‍,13.9 ലക്ഷം
- പച്ചക്കറി: 66.5 ഹെക്ടര്‍
- വാഴ കുലയ്ക്കാത്തത്: 1,69,000
- വാഴ കുലച്ചത്: 94,000
- കാലവര്‍ഷം പിന്‍വാങ്ങിയെങ്കിലും...
കാലവര്‍ഷം പിന്‍വാങ്ങുകയും തുലാവര്‍ഷത്തിന്റെ മുന്നോടിയായി വടക്ക് കിഴക്കന്‍ കാറ്റിന്റെ വരവിന്റെ ഫലമായി അടുത്ത അഞ്ച് ദിവസം വരെ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. ഡാമുകള്‍ തുറന്നു വിട്ടതിനെത്തുടര്‍ന്ന് മണലും ചെളിയും മാലിന്യങ്ങളും വന്നടിഞ്ഞതും കര്‍ഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. വെള്ളം ഇറങ്ങിയതോടെയാണ് വയലുകളില്‍ ഇവ അടിഞ്ഞിരിക്കുന്നത് കണ്ടത്. വേലൂര്‍, കീഴ് തണ്ടിലം, പുലിയന്നൂര്‍, തയ്യൂര്‍ എന്നിവിടങ്ങളിലെ പാടശേഖരങ്ങളിലാണ് കൃഷിയിറക്കാന്‍ കഴിയാതായത്.
വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. അതിനാല്‍ കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് ലഭ്യമാക്കുന്നത് അടക്കമുളള നടപടിക്രമങ്ങള്‍ വളരെ പെട്ടെന്ന് തന്നെ നടപ്പാക്കും.
- ടി.വി. ജയശ്രീ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍

