ബംഗളൂരു: കനത്തമഴയില്‍ മരങ്ങള്‍ കടപുഴകി വീഴുന്നത് ഒരു സാധാരണ വാർത്തയാണ്. എന്നാല്‍ അത്തരത്തില്‍ ഒരു മരം വീണതിന് പിന്നാലെ ലക്ഷപ്രഭുവായ ഒരു വൃദ്ധന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബംഗളൂരുവിലുള്ള എൻ ജി കേസരി എന്ന 85കാരനാണ് സൗഭാഗ്യം ലഭിച്ചത്. ജൂണില്‍ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും 40 വർഷത്തോളം അദ്ദേഹത്തിന്റെ വീടിന്റെ മുറ്റത്ത് നിന്ന ചന്ദനമരം വേരോടെ വീണിരുന്നു.
വർഷങ്ങള്‍ക്ക് മുൻപാണ് കേസരിയുടെ മുറ്റത്ത് ഒരു ചന്ദനമരം മുളച്ചുവന്നത്. അത് പറിച്ചുകളയുന്നതിന് പകരം കേസരി അതിനെ പരിപാലിക്കാൻ തീരുമാനിച്ചു. മരം വളർന്നപ്പോള്‍ മോഷ്ടാകളില്‍നിന്നും അതിനെ സംരക്ഷിക്കാൻ അതിന് ചുറ്റും ഇരുമ്പ് കൂട് സ്ഥാപിച്ചു. എന്നാല്‍ ജൂണിലുണ്ടായ കനത്ത മഴയില്‍ മരം വീണു. വിലപ്പിടിപ്പുള്ള തടി സ്വയം വില്‍ക്കാനോ നശിപ്പിക്കാനോ കേസരി ശ്രമിച്ചില്ല.
പകരം അദ്ദേഹം അത് വനംവകുപ്പിന് കെെമാറി. ചന്ദനമരത്തിന് ഏകദേശം ഒരു ടണ്‍ ഭാരമുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നു. മെെസൂരിലെ സർക്കാർ ചന്ദന ഡിപ്പോയില്‍നിന്ന് കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് ചന്ദനമരം വാങ്ങി. മരത്തിന്റെ വില്‍പനയ്ക്ക് ശേഷം സർക്കാർ കേസരിക്ക് 28 ലക്ഷം രൂപയാണ് പ്രതിഫലമായി നല്‍കിയത്. കൂടാതെ അദ്ദേഹത്തിന് 'Sandalwood Shiromani' അവാർഡും സർക്കാർ നല്‍കി ആദരിച്ചു.

