
സഞ്ജു സാംസണ്‍ ട്വന്റി-20 ടീമില്‍,
രാഹുല്‍ ലിമിറ്റഡ് ഓവര്‍ വൈസ് ക്യാപ്ടന്‍
പരിക്കേറ്റ രോഹിതും ഇശാന്തുമില്ല
ന്യൂഡല്‍ഹി: ആസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ട്വന്റി-20 ടീമുകളെ പ്രഖ്യാപിച്ചു. ട്വന്റി-20 പരമ്ബരയ്ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണെയും ഉള്‍പ്പെടുത്തി. കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ വിദേശ പര്യടനമാണിത്. വിരാട് കൊഹ്‌ലി തന്നെയാണ് മൂന്ന് ഫോര്‍മാറ്റുകളിലെയും നായകന്‍. ഐ.പി.എല്ലിനിടെ ഹാംസ്ട്രിംഗ് ഇഞ്ച്വറി വഷളായ രോഹിത് ശര്‍മ്മയേയും പരിക്കേറ്റ മറ്റൊരു താരം ഇശാന്ത് ശര്‍മ്മയേയും ഒഴിവാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്.
രോഹിതിന്റെ അഭാവത്തില്‍ ഏകദിനത്തിലും ട്വന്റി-20യിലും കെ.എല്‍ രാഹുലാണ് വൈസ് ക്യാപ്ടന്‍. അജിങ്ക്യ രഹാനെയാണ് ടെസ്‌റ്റ് ടീമിന്റെ വൈസ് ക്യാപ്ടന്‍. റിഷഭ് പന്തിനെ ടെസ്റ്റ് ടീമില്‍ മാത്രമേ ഉള്‍പ്പെടത്തിയിട്ടുള്ളൂ.ഐ.പി.എല്ലിലെ മികവുകൂടി പരിഗണിച്ചാണ് സഞ്ജുവിനെ ട്വന്റി-20 ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിന് മുന്‍പ് കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനത്തിലും ട്വന്റി-20 ടീമില്‍ സഞ്ജുവുണ്ടായിരുന്നു. സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സെലക്ടര്‍മാര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി യോഗം ചേര്‍ന്നാണ് ടീമിനെ തിരഞ്ഞെടുത്തത്. ഏകദേശം ഏഴു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ടീമിനെ തിരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ സമ്മേളിച്ചത്.
നവംബറില്‍ ആരംഭിക്കുന്ന പര്യടനത്തില്‍ മൂന്ന് വീതം ട്വന്റി-20യും ഏകദിനങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മത്സരക്രമവും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഐ.പി.എല്ലിന് ശേഷം ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ താരങ്ങള്‍ ദുബായില്‍ ഒരുമിച്ചുചേരും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പതിവിലും വലിയ ടീമിനെയാണ് തിരഞ്ഞെടുത്തത്.
ടെസ്റ്റ് ടീം: കൊഹ്‌ലി (ക്യാപ്‌ടന്‍), മായങ്ക് , പൃഥ്വി ഷാ, രാഹുല്‍, പൂജാര,രഹാനെ (വൈസ് ക്യാപ്ടന്‍), വിഹാരി, ഗില്‍, സാഹ (വിക്കറ്റ് കീപ്പര്‍), പന്ത് (വിക്കറ്റ് കീപ്പര്‍),ബുംറ,ഷമി, ഉമേഷ്, സെയ്നി, കുല്‍ദീപ്, ജഡേജ, അശ്വിന്‍, സിറാജ്.
ഏകദിന ടീം: കൊഹ്‌ലി (ക്യാപ്‌ടന്‍),ധവാന്‍, ഗില്‍, രാഹുല്‍ (വൈസ് ക്യാപ്ടന്‍, വിക്കറ്റ് കീപ്പര്‍), ശ്രേയസ്, മനീഷ്, ഹാര്‍ദിക്, മായങ്ക്, ജഡേജ, ചഹല്‍, കുല്‍ദീപ്, ബുംറ,ഷമി, സെയ്നി, ഷാര്‍ദുല്‍.
ട്വന്റി-20 ടീം: കൊഹ്‌ലി (ക്യാപ്‌ടന്‍), ധവാന്‍, മായങ്ക് , കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്ടന്‍, വിക്കറ്റ് കീപ്പര്‍), ശ്രേയസ്, മനീഷ്, ഹാര്‍ദിക്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍),ജഡേജ, വാഷിംഗ്ടണ്‍, ചഹല്‍,ബുംറ,ഷമി,സെയ്നി, ദീപക് ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി.
റിസര്‍വ് ബൗളര്‍മാര്‍: കംലേഷ് നാഗര്‍കോട്ടി, കാര്‍ത്തിക് ത്യാഗി, ഇഷാന്‍ പോറല്‍, ടി.നടരാജന്‍
ശാസ്ത്രിയും സംഘവും ദുബായില്‍
ദുബായ്: ആസ്ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ച് രവി ശാസ്ത്രിയും മറ്റ് സഹപരിശീലകരും ദുബായില്‍ എത്തി. ബാറ്റിംഗ് കോച്ച് വിക്രം രാത്തോര്‍, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍.ശ്രീധര്‍ എന്നിവരും ശാസ്ത്രിക്കൊപ്പമുണ്ട്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്രുകളായ ചേതേശ്വര്‍ പുജാരയും ഹനുമ വിഹാരിയും ദുബായിലെത്തിയിട്ടുണ്ട്. എല്ലാവരും ബയോ-ബബിളില്‍ പ്രിവേശിച്ചു. പുജാരയും വിഹാരിയും ആറ് ദിവസത്തെ ക്വാറന്റൈന് ശേഷം ദുബായിലെ ഐ.സി.സിയുടെ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം തുടങ്ങിയേക്കും.