സ്പായില്‍ ജോലി; പാസ്‌പോർട്ടോ വിസയോ ഇല്ലെന്ന് പൊലീസ്
കണ്ണൂർ: മതിയായ യാത്രാരേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ച് അനധികൃതമായി താമസിച്ചുവന്ന നാല് ബംഗ്ലാദേശി വനിതകളെ കണ്ണൂർ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂരില്‍ സ്പായില്‍ ജോലി ചെയ്തുവരികയായിരുന്ന ഇവരെ കക്കാട് ഒണ്ടേൻപറമ്പിന് സമീപത്തെ ഫർസീൻ ക്വാർട്ടേഴ്സില്‍ നിന്നാണ് പിടികൂടിയത്.
ബംഗ്ലാദേശിലെ ജമാല്‍പൂർ സ്വദേശിനി നസ്മ അക്തർ (40), ഖുല്‍ന സ്വദേശിനികളായ തസ്ലീമ ഖാത്തൂണ്‍ (25), മോയ്ന ഖാത്തൂണ്‍ (29), നസ്രിൻ (30) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ ടൗണ്‍ ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദേശപ്രകാരം എസ്.ഐ. ടി.കെ. അഖിലും സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കണ്ണൂരിലെ ആയുഷ് സ്പാ നടത്തുന്ന ബെപിൻ എന്നയാള്‍ വാടകയ്‌ക്കെടുത്ത ഫർസീൻ ക്വാർട്ടേഴ്സിലാണ് ഇവർ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പരിശോധനയില്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നതിനുള്ള സാധുവായ പാസ്‌പോർട്ടോ വിസയോ ഇവരുടെ കൈവശമില്ലെന്ന് കണ്ടെത്തി.
ഫോണ്‍ പരിശോധനയില്‍ കള്ളി വെളിച്ചത്തായി
വനിതകളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് ബംഗ്ലാദേശ് ഐ.ഡി. കാർഡുകളും ജനന സർട്ടിഫിക്കറ്റുകളും കണ്ടെത്തിയത്. രേഖകള്‍ തങ്ങളുടേതാണെന്ന് പിടിയിലായവർ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം.തങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് സ്പാ നടത്തിപ്പുകാരനായ ബെപിനാണെന്നും മോയ്നയും നസ്മയും മുമ്പ് ബംഗ്ലാദേശിലേക്ക് മടങ്ങിയശേഷം ബെപിൻ തന്നെ വീണ്ടും ഇന്ത്യയിലേക്ക് വിളിച്ചുവരുത്തിയതാണെന്നും ഇവർ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്ന വിദേശികളെ കണ്ടെത്തുന്നതിനുള്ള പരിശോധനയുടെ ഭാഗമായി ടൗണ്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.സി.പി.ഒമാരായ സനൂപ്, വിജിന, ബാലാമണി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

