പേരാവൂർ: കാഞ്ഞിരപ്പുഴയിലൂടെ ഒഴുകി വന്ന തേങ്ങ ശേഖരിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വയല്‍പീടികയില്‍ ഹനീഫയെ (46) കണ്ടെത്താനുള്ള തിരച്ചില്‍ ഊർജ്ജിതമായി തുടരുന്നു.
തൊണ്ടിയില്‍ ചെസ് കഫേക്ക് സമീപത്തെ പറമ്പില്‍ നിന്നും പുഴയിലേക്ക് ചാടി തേങ്ങ ശേഖരിക്കുന്നതിനിടെ കുത്തിയൊഴുകി വന്ന മലവെള്ളത്തില്‍ അകപ്പെടുകയായിരുന്നു.
സംഭവത്തെത്തുടർന്ന് ഫയർഫോഴ്സ്,പൊലീസ്, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവർ സംയുക്തമായി പുഴയില്‍ ഊർജ്ജിതമായി തിരച്ചില്‍ നടത്തിയെങ്കിലും ശനിയാഴ്ച സന്ധ്യവരെ യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെ 9.30 മുതല്‍ വീണ്ടും ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് ഹനീഫയ്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു.
കണ്ണൂർ എ.ഡി.എം പുരുഷോത്തമൻ സ്ഥലം സന്ദർശിച്ച് തിരച്ചില്‍ വിലയിരുത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.എ രജീഷ്, പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുദീൻ മുള്ളരിക്കല്‍ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
മന്ത്രി സണ്ണി ജോസഫ് സന്ദർശിച്ചു
തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പ്രദേശത്ത് സന്ദർശനം നടത്തി. രക്ഷാപ്രവർത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
വൈകീട്ട് മന്ത്രി ആറളത്തെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു. ബ്ലോക്ക് 13 കമ്മ്യൂണിറ്റി ഹാളിലെയും ഓമനമുക്ക് അങ്കണവാടിയിലെയും ക്യാമ്പുകളാണ് സന്ദർശിച്ചത്. ആദ്യത്തെ ക്യാമ്പില്‍ 112 പേരും രണ്ടാമത്തേതില്‍ 30 പേരുമാണുമുള്ളത്. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, സ്ഥിരം സമിതി ചെയർപേഴ്സണ്‍മാരായ റെയ്‌ഹാനത്ത് സുബി, ജോർജ് ആലാംപള്ളി, വാർഡംഗങ്ങളായ സുജാത, എ. ഷഹീർ, വത്സ ജോസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
പേരാവൂരില്‍ അടിയന്തര യോഗം
പേരാവൂർ ഗ്രാമ പഞ്ചായത്തില്‍ മഴക്കെടുതി നേരിടുന്നതിനും, ഒഴുക്കില്‍ പെട്ട് കാണാതായ ഹനീഫയ്ക്കായുള്ള തിരച്ചില്‍ എകോപിപ്പിക്കുന്നതിനും വേണ്ടി അടിയന്തരയോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ
അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. മഴക്കെടുതി നേരിടുന്നതിനായി ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതായും പുഴയില്‍ വെള്ളം കയറുന്നതിനനുസരിച്ച് മാറ്റി പാർപ്പിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയതായും ഇവരെ മാറ്റി പാർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയതായും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പേരാവൂർ, മണത്തണ, തൊണ്ടിയില്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്.

