കൊച്ചി: സംസ്ഥാനത്ത് കാർട്ടൻ പെട്ടികളുടെ വില 20 ശതമാനം മുതല്‍ 25 ശതമാനം വരെ ഉയരും. അസംസ്‌കൃത സാധനങ്ങളുടെ വിലവർദ്ധന, പഴയ കാർട്ടണ്‍ പെട്ടികളുടെ ലഭ്യതയിലെ കുറവ്, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ എന്നിവ ഉത്പാദനച്ചെലവ് വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് കേരള കോറഗേറ്റഡ് ബോക്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (കെ.ഇ.സി.ബി.എം.എ) അറിയിച്ചു.
കൊച്ചിയില്‍ ചേർന്ന എക്‌സിക്യുട്ടിവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അടുത്ത ദിവസം മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍വരും.
കാർട്ടണുകളുടെ അളവും കട്ടിയും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. കൊറിയർ ആവശ്യങ്ങള്‍ക്കുള്ള ചെറിയ പെട്ടികള്‍ക്ക് നിലവില്‍ 5 മുതല്‍ 12 രൂപ വരെയും വീട് മാറ്റത്തിനും വ്യാവസായിക പാക്കിംഗിനുമുള്ള വലിയ ബോക്‌സുകള്‍ക്ക് 30 മുതല്‍ 120 രൂപ വരെയാണ് നിലവിലെ വില. ഇതോടെ ഇ കൊമേഴ്സ്, കൊറിയർ, എഫ്.എം.സി.ജി, ഔഷധം, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, പഴം, പച്ചക്കറി തുടങ്ങിയ മേഖലകളിലെ പ്രവർത്തനചെലവ് കൂടും.
പ്രധാന അസംസ്‌കൃത സാധനമായ ക്രാഫ്‌റ്റ് പേപ്പറിന്റെ വില ഉയർന്നതും പേപ്പർ മില്ലുകള്‍ ഉത്പാദനം കുറച്ചതും വെല്ലുവിളിയാണെന്ന് നിർമ്മാതാക്കള്‍ പറയുന്നു.
ലാഭമാർജിൻ കുറയും
പാക്കിംഗ് ചെലവ് കൂടുമ്പോള്‍ എഫ്.എം.സി.ജി, കണ്‍സ്യൂമർ ഉത്പന്നങ്ങള്‍, ഔഷധം, ഭക്ഷണ സാധനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ലാഭ സമ്മർദ്ദം നേരിടും. പാഴ്‌സലുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ചെലവ് കൂടുന്നതിനാല്‍ കൊറിയർ സ്ഥാപനങ്ങള്‍ നിരക്ക് ഉയർത്താൻ സാദ്ധ്യതയുണ്ട്. പാക്കിംഗ് ചെലവിലെ വർദ്ധന കമ്പനികളുടെയും വിതരണക്കാരുടെയും ലാഭമാർജിൻ കുറയ്ക്കും.പഴം, പച്ചക്കറികള്‍ എന്നിവയുടെ പാക്കിംഗ് ചെലവ് കൂടുന്നതിനാല്‍ കാർഷിക മേഖലയെയും വലയ്ക്കും.
നിർമ്മാണച്ചെലവ് കുത്തനെ ഉയർന്നതോടെ ഉത്പാദന മേഖല കടുത്ത പ്രതിസന്ധിയിലായി. ഈ സാഹചര്യത്തില്‍ വില വർദ്ധിപ്പിക്കുകയല്ലാതെ മറ്റു വഴികളില്ല."
ജി. രാജീവ്
പ്രസിഡന്റ്
കെ.ഇ.സി.ബി.എം.എ

