ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാതയില്‍ പള്ളിച്ചല്‍ തോട് മുതല്‍ കൊടിനട വരെ ഒരു ഭാഗത്തെ ഗതാഗത സംവിധാനം പുനഃസ്ഥാപിച്ചു. മാസങ്ങള്‍ നീണ്ടുനിന്ന കാത്തിരിപ്പിന് ശേഷമാണ് ദേശീയപാത വഴിയുള്ള ഗതാഗതം ആരംഭിച്ചത്.ആറ് മാസത്തോളം വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടിരുന്നു. ഇക്കാരണത്താല്‍ ഇടറോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയും രൂപപ്പെട്ടതും വാഹനയാത്രികര്‍ക്ക് വെല്ലുവിളിയായി മാറിയിരുന്നു. അടുത്തിടെ മഴ വില്ലനായതോടെ 45 ദിവസത്തോളം പണികള്‍ തടസപ്പെട്ടിരുന്നു. പള്ളിച്ചല്‍ രാജപാതയുടെ പണികള്‍ പൂര്‍ത്തിയായാല്‍ നാലുവരിപ്പാത വഴിയുള്ള ഗതാഗതം പൂര്‍ണമായ തോതില്‍ പുനഃസ്ഥാപിക്കും. പള്ളിച്ചല്‍ തോടിന് കുറുകെ പാലം പണിയുന്നതിന്റെ ജോലികള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.
സ്ഥലമേറ്റെടുക്കല്‍ വൈകുന്ന കൊടിനട മുതല്‍ ബാലരാമപുരം വരെയുള്ള നിര്‍മ്മാണജോലികളും ആരംഭിച്ചു. കരിങ്കല്‍ ഭിത്തികെട്ടിയുയര്‍ത്തി മേല്‍ഭാഗത്തെ കോണ്‍ക്രീറ്റ് ജോലികളും കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ഗതാഗതപ്രതിസന്ധി ഒഴിവാക്കി വാഹനഗതാഗതം സുഗമമാക്കാനാണ് കൊടിനട മുതല്‍ ബാലരാമപുരം വരെ വ്യാപാരികളുടെ എതിര്‍പ്പിനെയും മറികടന്ന് താത്കാലികമായി കരിങ്കല്‍ഭിത്തി കെട്ടിയുയര്‍ത്തിയത്. കൊടിനട -വടക്കേവിള റോഡില്‍ 50 മീറ്ററോളം മെറ്റല്‍ പാകിയെങ്കിലും ടാറിംഗ് വൈകുന്നതിനെതിരെ വ്യാപാരികളും നാട്ടുകാരും പ്രതിഷേധത്തിലാണ്. രാത്രികാലങ്ങളില്‍ ഇതുവഴി കടന്നുപോകുന്ന ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുത്തനും പതിവായിരിക്കുകയാണ്.

