കിളിമാനൂര്‍: സംസ്ഥാനത്തിന്റെ കായിക മാമാങ്കത്തിന് സ്വര്‍ണ കുതിപ്പേകാന്‍ തക്ക കായിക ശേഷിയുള്ള നിരവധി യുവാക്കളും യുവജന പങ്കാളിത്തവും ഉള്ളപ്പോഴും സ്വന്തമായി ഒരു സ്റ്റേഡിയം ഇല്ല എന്ന പോരായ്മ വെള്ളല്ലൂരിന്റെ കായിക സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാകുന്നു.
എന്നാല്‍ ഈ പോരായ്മകള്‍ക്കൊന്നും തങ്ങളുടെ കായിക ശേഷിയെ ഒരിഞ്ചുപോലും പിറകോട്ടടിക്കാന്‍ അനുവദിക്കാത്ത വിധം യുവാക്കളുടെ കായിക ക്ഷമത ഈ മണ്ണില്‍ മാറ്റുരയ്ക്കപ്പെടുന്നു എന്നതിന്റെ സ്വര്‍ണത്തില്‍ ചാലിച്ചെഴുതിയ തെളിവുകള്‍ അനവധി.
കായിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നാട്ടിലെ കുട്ടികള്‍ക്കും, ചെറുപ്പക്കാര്‍ക്കും കായിക ശേഷി വര്‍ദ്ധിപ്പിക്കാനും അവരുടെ സര്‍ഗശേഷിയെ പരിപോഷിപ്പിക്കാനും ഒരു സ്റ്റേഡിയം അത്യന്താപേക്ഷിതമായ ഘടകമാണ്.
പി.എസ്.സി നടത്തുന്ന യൂണിഫോം തസ്തികകള്‍, കേന്ദ്രത്തിലെ വിവിധ സേനകളിലേക്കുള്ള തസ്തികകള്‍, ആര്‍മി റിക്രൂട്ട് മെന്റ് ഇവയിലെല്ലാം തന്നെ കായികക്ഷമത പരീക്ഷ നിര്‍ബന്ധമായ ഒന്നാണ്. എഴുത്തുപരീക്ഷ ജയിച്ചിട്ടും കായിക ക്ഷമതയില്‍ തോല്‍ക്കുന്നതുകാരണം ജോലി ലഭിക്കാത്ത നിരവധി ചെറുപ്പക്കാര്‍ വെള്ളല്ലൂരിലുണ്ട്. പരീക്ഷകള്‍ വരുമ്ബോള്‍ കായിക പരിശീലനത്തിനായി നാട്ടിലെ ഉദ്യോഗാര്‍ത്ഥികള്‍ കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ആറ്റിങ്ങല്‍, കിളിമാനൂര്‍ ഗ്രൗണ്ടുകളെയാണ് ആശ്രയിക്കുന്നത്. വെള്ളല്ലൂരിന്റെ വോളിബാള്‍ പ്രേമികളുടെ പരിശ്രമമായി യുഗ ചേതന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് വര്‍ഷങ്ങളായി ഇവിടെ വോളിബാള്‍ ടൂര്‍ണമെന്റ് നടത്തുന്നുണ്ട്. സംസ്ഥാനത്തിനകത്തുള്ള നിരവധി വോളിബാള്‍ ടീമുകളെ വെച്ച് നടത്തുന്നത് ഈ മത്സരം പൊതുചന്തയില്‍ വെച്ചാണ്. അതുപോലെ തന്നെ ക്രിക്കറ്റ് പ്രേമികളുടെ ക്ലബായ എസ്.ടി.സി.സി ക്രിക്കറ്റ് ടീമുകളെ വച്ചു നടത്തുന്ന മത്സരം സ്വകാര്യ വ്യക്തിയുടെ വയലില്‍ വച്ചാണ്. ഇത്രയും കായിക പ്രേമികള്‍ ഉള്ള, കായിക മത്സരങ്ങളും നടത്തുന്ന വെള്ളല്ലൂരുകാരുടെ ഒരുപാട് വര്‍ഷത്തെ സ്വപ്നമാണ് വെള്ളല്ലൂരില്‍ ഒരു സ്റ്റേഡിയം.

