Dailyhunt
കെ.എ.എല്ലിന്റെ ഇ- ഓട്ടോകള്‍  നേപ്പാളിലേക്ക് യാത്ര തിരിച്ചു

കെ.എ.എല്ലിന്റെ ഇ- ഓട്ടോകള്‍ നേപ്പാളിലേക്ക് യാത്ര തിരിച്ചു

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ നെയ്യാറ്രിന്‍കരയിലെ കേരള ആട്ടോമൊബൈല്‍ ലിമിറ്റഡ് (കെ.എ.എല്‍) നിര്‍മ്മിച്ച 25 ഇലക്‌ട്രിക് 'നീം ജി" ബ്രാന്‍ഡ് ഓട്ടോറിക്ഷകള്‍ നേപ്പാളിലേക്ക് കയറ്റുമതി ചെയ്തു. 12 ദിവസം കൊണ്ടിത് നേപ്പാളിലെത്തും.

നേപ്പാളിലേക്കുള്ള ആദ്യ ബാച്ച്‌ ഇ-ഓട്ടോകളുടെ കയറ്റുമതി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മന്ത്രി ഇ.പി. ജയരാജന്‍ ഫ്ളാഗ് ഓഫ് ചെയ്തു. രണ്ട് ട്രക്കുകളാണ് ഓട്ടോകളുമായി ഇന്നലെ രാത്രി പുറപ്പെട്ടത്. വാഹന രേഖകള്‍ നേപ്പാളിലെ ഡീലര്‍മാര്‍ക്ക് മന്ത്രി കൈമാറി.
സര്‍ക്കാരിന്റെ ഇടപെടലുകളും കെ.എ.എല്‍ ജീവനക്കാരുടെ പരിശ്രമവുമാണ് നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ ഉയര്‍ച്ചയിലെത്തിച്ചതെന്ന് മന്ത്രി പറഞ്ഞു.

ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഓട്ടോകള്‍ കയറ്റിഅയയ്ക്കും. കെനിയ, ഈജിപ്ത് തുടങ്ങി രാജ്യങ്ങളില്‍ നിന്നും അന്വേഷണമുണ്ട്.
സര്‍ക്കാര്‍ 24 കോടി രൂപയാണ് കെ.എ.എല്ലിന് നല്‍കിയത്. കൊവിഡ് ആശ്വാസമായി അഞ്ച് കോടി രൂപ കൂടി നല്‍കും. പൊതുമേഖലാ സ്ഥാപനങ്ങളെ മെപ്പെടുത്തുകയാണ് സര്‍ക്കാര്‍ നയം. കെ.എം.എം.എല്ലില്‍ ആധുനിക ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചതുവഴി വര്‍ഷം 12 കോടി ലാഭിക്കാനായി. ഇവിടെ ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ വയനാട്ടെയും കോഴിക്കോട്ടെയും ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നു. പൊതുമേഖലയിലെ ഒഴിവുകളെല്ലാം നികത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കെ. അന്‍സലന്‍ എം.എല്‍.എ., റിയാബ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍, കെ.എ.എല്‍ ചെയര്‍മാന്‍ കരമന ഹരി, മാനേജിംഗ് ഡയറക്‌ടര്‍ എ. ഷാജഹാന്‍, മാനേജര്‍ പി. അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വനിതകള്‍ക്ക്

ഇ-ഓട്ടോ

എല്ലാ ജില്ലകളിലും, വ്യവസായ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന വനിത സഹകരണ സംഘങ്ങളിലെ 25 പേര്‍ക്ക് ഇ-ഓട്ടോ സബ്സിഡിയോടെ നല്‍കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi