തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കലുമായി ബന്ധപ്പെട്ട നടപടികളോട് സംസ്ഥാനം സഹകരിക്കേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സഹകരിക്കാന്‍ നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മിഷണറെ അറിയിക്കും. എന്നാല്‍, സെന്‍സസ് (ജനസംഖ്യാ കണക്കെടുപ്പ്) നടപടികളോട് പൂര്‍ണമായി സഹകരിക്കും.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികളുമായി മുന്നോട്ടുപോകുന്നത് സംസ്ഥാനത്തെ ക്രമസമാധാനനിലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സംസ്ഥാന പൊലീസ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. ദേശീയ ജനസംഖ്യാ രജിസ്റ്ററും ഒപ്പം പുതുക്കാന്‍ ശ്രമിച്ചാല്‍ സെന്‍സസ് തന്നെ കൃത്യമായി നടപ്പിലാക്കാന്‍ കഴിയാതാവുമെന്ന് ജില്ലാ കളക്ടര്‍മാരും സര്‍ക്കാരിനെ അറിയിച്ചിരുന്നു.
പൊതുജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ക്രമസമാധാനം ഉറുപ്പുവരുത്തുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുന്ന പ്രക്രിയയാണ്. ഇത് രണ്ടും സംസ്ഥാനത്ത് നടപ്പാക്കുന്നത് അരക്ഷിതാവസ്ഥയ്ക്ക് കാരണമാവും. ഇതിനകം ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയ സംസ്ഥാനങ്ങളിലെ അനുഭവം യോഗത്തില്‍ മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. 2003ല്‍ വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് വരുത്തിയ നിയമഭേദഗതിയനുസരിച്ചാണ് സെന്‍സസിനോട് ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും ബന്ധിപ്പിച്ചത്. അതിന്റെ തുടര്‍നടപടികളാണ് ഇപ്പോള്‍ കൈക്കൊള്ളുന്നത്.
രണ്ട് ചോദ്യങ്ങള്‍ക്ക്
ഉത്തരം നല്‍കേണ്ട
സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്ന് വിവരം ശേഖരിക്കാനുള്ള ഫോമിലെ രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതില്ലെന്ന് ജനങ്ങളെ അറിയിക്കും. വ്യക്തിയുടെ ജനനത്തീയതി, മാതാപിതാക്കളുടെ ജനനസ്ഥലം എന്നീ ചോദ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ആരാഞ്ഞാലും മറുപടി നല്‍കേണ്ടതില്ല.
വിവരം ശേഖരിക്കാനുള്ള ഫോമില്‍ നിന്ന് ഈ ചോദ്യങ്ങള്‍ അപ്പടി ഒഴിവാക്കാനാവില്ല. ഒഴിവാക്കുന്നത് അഖിലേന്ത്യാ സര്‍വീസില്‍പ്പെട്ട ജില്ലാകളക്ടര്‍മാര്‍ മുതലുള്ള ഉദ്യോഗസ്ഥരെ ബാധിക്കാനിടയുണ്ട്. ഉദ്യോഗസ്ഥരെ സംരക്ഷിച്ച് മുന്നോട്ടു പോകാനാണ് തീരുമാനം. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയില്ലെങ്കില്‍ വ്യക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കാനാവില്ല. ഭാവിയില്‍ ഏതെങ്കിലും ആനുകൂല്യങ്ങള്‍ക്ക് അത്തരം വിവരം നല്കാതിരിക്കുന്നത് തടസമായാല്‍ അപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടാനാവും.

