Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളയിലെ മാര്‍ക്ക് ദാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം, 4 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

കേരളയിലെ മാര്‍ക്ക് ദാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം, 4 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

തിരുവനന്തപുരം: തോറ്റ വിദ്യാര്‍ത്ഥികളെ മോഡറേഷന്റെ മറവില്‍ മാര്‍ക്ക് വാരിക്കോരി നല്‍കി കൂട്ടത്തോടെ ജയിപ്പിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കേരള സര്‍വകലാശാല രജിസ്ട്രാര്‍ പൊലീസ് മേധാവിക്ക് കത്ത് നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് നടപടി.

അതിനിടെ, മാര്‍ക്ക് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് നാല് ജീവനക്കാരെ ഇന്നലെ സ്ഥലം മാറ്റി. കഴിഞ്ഞ ദിവസം പരീക്ഷാവിഭാഗം ഡെപ്യൂട്ടി രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തിരുന്നു. മറ്റൊരു ഡെപ്യൂട്ടി രജിസ്റ്റാര്‍ക്കും സെക്‌ഷന്‍ ഓഫീസര്‍മാര്‍ക്കുമെതിരെയാണ് ഇന്നലെ നടപടിയുണ്ടായത്.

അന്വേഷണം നടക്കുന്നതോടെ കൂടുതല്‍ പേര്‍ കുടുങ്ങുമെന്നാണ് സൂചന.

മാര്‍ക്ക് തട്ടിപ്പ് നടന്ന സെക്‌ഷനുകളുടെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി രജിസ്ട്രാര്‍ എസ്.സുശീല, ഇ.എസ്.ഐ.വി സെക്‌ഷന്‍ ഓഫീസര്‍ വി.വിനോദ്, സെക്‌ഷന്‍ ഓഫീസര്‍മാരായ ബാലാജി, സ്വാഗത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇതേ സെക്‌ഷനില്‍ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന എ.ആര്‍. രേണുകയെയാണ് നേരത്തേ സസ്‌പെന്‍ഡ് ചെയ്തത്.

പ്രോ വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണ ശേഷം പൊലീസില്‍ പരാതിപ്പെടാനാണ് സര്‍വകലാശാല ആദ്യം തീരുമാനിച്ചത്. എന്നാല്‍, രേഖകള്‍ തിരുത്തി മാര്‍ക്ക് തട്ടിപ്പ് നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ സര്‍ക്കാര്‍ കടുത്ത നടപടിക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു.

പ്രോ വൈസ് ചാന്‍സലറുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി 22 ന് ചേരുന്ന സിന്‍ഡിക്കേറ്റിന് മുന്‍പില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. തിങ്കളാഴ്ച സമിതി ആദ്യ സിറ്റിംഗ് നടത്തും. പരീക്ഷാ കണ്‍ട്രോളര്‍, കമ്ബ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ എന്നിവരില്‍ നിന്നെല്ലാം തെളിവെടുക്കും.

2016 ജൂണ്‍ മുതല്‍ 2019 ജനുവരി വരെയുള്ള 16 ഡിഗ്രി പരീക്ഷകളിലെ മാര്‍ക്കുകളാണ് തിരുത്തിയത്. സര്‍വകലാശാല തീരുമാനിച്ച മോഡറേഷന്‍ മാര്‍ക്കിനു പുറമേ 132 മാര്‍ക്ക് വരെ കൂട്ടിനല്‍കി ജയിപ്പിക്കുകയായിരുന്നു. സര്‍വകലാശാലയുടെ സെര്‍വറില്‍ കയറി മോഡറേഷന്‍ മാര്‍ക്ക് തിരുത്തുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi