Dailyhunt

കിഴക്കമ്ബലത്ത് മാള്‍ ഒരുങ്ങുന്നു

കിഴക്കമ്ബലം: ഷോപ്പിംഗിനായി തിരക്കുള്ള നഗരങ്ങളില്‍ അലയേണ്ട, ഷോപ്പിംഗ് ഒരനുഭവമാക്കാന്‍ കിഴക്കമ്ബത്തുകാര്‍ക്കായി നാല് മള്‍ട്ടിപ്ളെക്സ് തീയറ്ററടക്കം മാളും, ആധുനിക ഉപകരണങ്ങളുമായി കുട്ടികളുടെ പാര്‍ക്കും, ബ്രാന്‍ഡ് ഉല്പന്നങ്ങളുടെ എക്സ്ക്ളൂസീവ് ഷോപ്പുകളുമായി പഞ്ചായത്തു മാര്‍ക്കറ്റില്‍ ബഹുനില മന്ദിരം നിര്‍മ്മിക്കാന്‍ ട്വന്റി20 രൂപ രേഖ തയ്യാറാക്കി. പതി​റ്റാണ്ടുകള്‍ പഴക്കമുള്ള മാര്‍ക്ക​റ്റിലെ മുഴുവന്‍ പഞ്ചായത്തു വക വ്യാപാര സമുച്ചയങ്ങളും പൊളിച്ചു മാറ്റി കിഴക്കമ്ബലത്തിന്റെ മുഖച്ഛായ മാറ്റാണ് പദ്ധതിയൊരുക്കുന്നത്. നിലവിലുള്ള കെട്ടിടങ്ങളും കടമുറികളും മേച്ചില്‍ ഷീ​റ്റുകള്‍ തകര്‍ന്നതും കോണ്‍ക്രീ​റ്റുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലുമാണ്.

ഭിത്തികള്‍ക്കെല്ലാം വിള്ളലുകള്‍ വീണു. കോണ്‍ക്രീ​റ്റ് മേച്ചില്‍ ഭാഗത്ത് വെള്ളം ചോര്‍ച്ചയുണ്ട്. തൂണുകള്‍ തകര്‍ന്ന് ഷീറ്റുമേഞ്ഞ ഭാഗം എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാവുന്ന നിലയിലുമാണ്. പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി പാര്‍ക്കിംഗ് സൗകര്യങ്ങളോടെ പുതിയ ബഹുനില വ്യാപാര സമുച്ചയം നിര്‍മ്മിക്കാന്‍ ട്വന്റി 20 ഭരണത്തിലേറിയപ്പോള്‍ ആലോചിച്ചിരുന്നെങ്കിലും ചില വ്യാപാരികള്‍ എതിര്‍പ്പുമായി കോടതിയെ സമീപിച്ചതു കാരണം നടപടിയിലേക്ക് നീങ്ങിയിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി അജി പറഞ്ഞു. നിലവില്‍ കേസുകളൊന്നും നിലനില്‍ക്കുന്നില്ല. കെട്ടിടങ്ങളുടെ അപകടാവസ്ഥ വ്യാപാരികള്‍ തിരിച്ചറിഞ്ഞു. ജനങ്ങളെ ആകര്‍ഷിക്കുന്നതിനും പ്രദേശത്തെ വികസനത്തിനും വ്യാപാര സമുച്ചയങ്ങള്‍ അത്യാവശ്യമാണെന്ന തിരിച്ചറിവും വ്യാപാരികള്‍ക്കുണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കടമുറികള്‍ ഒഴിയാമെന്ന സമ്മതം വ്യാപാരികള്‍ നല്‍കിയിട്ടുള്ളത്.

നാല് മള്‍ട്ടിപ്ളെക്സ് തീയര്‍

കുട്ടികളുടെ പാര്‍ക്ക്

എക്സ്ക്ളൂസീവ് ഷോപ്പുകള്‍

അതിവേഗത്തില്‍ വ്യാപാര സമുച്ചയം നിര്‍മ്മിക്കും

മുറികള്‍ ഒഴിയുന്നതിന് വ്യാപാരികള്‍ക്ക് പഞ്ചായത്ത് നോട്ടീസ് നല്‍കി. കടമുറികള്‍ ഒഴിയുന്ന മുറയ്ക്ക് അതിവേഗത്തില്‍ വ്യാപാര സമുച്ചയം നിര്‍മ്മിക്കും. ആദ്യകാലത്ത് വാടകയ്‌ക്കെടുത്തവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇപ്പോഴും കച്ചവടം നടത്തുന്നത്. മ​റ്റുള്ളവര്‍ പലരില്‍ നിന്നുമായി ലക്ഷങ്ങള്‍ കൊടുത്ത് കടമുറികള്‍ സ്വന്തമാക്കി വ്യാപാരം തുടങ്ങിയവരാണ്.

രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും

നിര്‍മ്മാണം തുടങ്ങിയാല്‍ രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. പ്രമുഖ ജ്വല്ലറി, ടെക്സ്റ്റൈല്‍, ബ്രാന്‍ഡഡ് കമ്ബനികള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയവ കിഴക്കമ്ബലത്തേക്കെത്താന്‍ സന്നദ്ധരായി എത്തിയിട്ടുണ്ട്.

സാബു എം.ജേക്കബ് ചീഫ് കോ ഓര്‍ഡിനേറ്റര്‍, ട്വന്റി 20 കിഴക്കമ്ബലം

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi