കുന്ദമംഗലം: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മാസ്റ്റര്‍ പ്ലാൻ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിന്റെ ആര്‍ക്കിടെക്ചര്‍ വിഭാഗം തയ്യാറാക്കുന്നു.
കോടഞ്ചേരി നിവാസികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ധാരണാപത്രത്തിലൂടെയും മാസ്റ്റര്പ്ലാനിലൂടെയും ലക്ഷ്യമിടുന്നതെന്നും. 30-40 കിലോമീറ്റര്‍ അകലെയുള്ള മുക്കത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലോ കോഴിക്കോട്ടെ മറ്റ് പ്രധാന ആശുപത്രികളിലോ മാത്രമേ കിടത്തി ചികിത്സയ്ക്ക് ഇപ്പോള്‍ സൗകര്യമുള്ളൂവെന്ന് ബ്ലോക്ക് ഡിവിഷൻ അംഗം റോയ് കുന്നപ്പള്ളി പറഞ്ഞു. കോടഞ്ചേരിയില്‍ സ്ഥിതി ചെയ്യുന്ന ആരോഗ്യകേന്ദ്രത്തിന്റെ സ്ഥലഘടനയും മണ്ണിന്റെ അവസ്ഥയും വിശകലനം ചെയ്തതിനുശേഷമാണ് ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലെ അദ്ധ്യാപകരുടെ നേതൃത്വത്തിലുള്ള സംഘം മാസ്റ്റര്‍ പ്ലാൻ തയ്യാറാക്കുക.
കുടുംബാരോഗ്യ കേന്ദ്രത്തെ കിടത്തിചികിത്സയുള്ള ആശുപത്രിയായി വികസിപ്പിക്കാനും ഭാവിയിലെ വികസനത്തെ ത്വരിതപ്പെടുത്താനും ഉതകുന്ന എല്ലാ വികസന സാദ്ധ്യതകളും ഉള്ക്കൊള്ളുന്നതരത്തിലായിരിക്കും കണ്‍സള്‍ട്ടൻസി അടിസ്ഥാനത്തില്‍ മാസ്റ്റര്‍ പ്ലാൻ തയ്യാറാക്കുക. കോടഞ്ചേരി ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന 40,000 ത്തിലധികം ആളുകളുടെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നിലവിലുള്ള ആരോഗ്യകേന്ദ്രത്തിലെ സൗകര്യങ്ങള്‍ അപര്യാപ്തമാണ്. നിലവില്‍ അവശ്യ ചികിത്സാ സൗകര്യങ്ങള്‍, ലാബ് ഉപകരണങ്ങള്‍ മുതലായവ ഉള്‍ക്കൊള്ളുന്നതിനുള്ള സ്ഥലസൗകര്യങ്ങളുടെ അഭാവം ആരോഗ്യ കേന്ദ്രം അഭിമുഖീകരിക്കുന്നു. അപര്യാപ്തമായ സ്ഥലം, വെളിച്ചം, വായുസഞ്ചാരം എന്നിവയുടെ പരിമിതികള്‍ നേരിടുന്ന 50 വര്‍ഷം മുമ്ബ് നിര്‍മ്മിച്ച കെട്ടിടങ്ങളിലാണ് ഇപ്പോള്‍ ഈ സൗകര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിലെ 16 പട്ടികവര്‍ഗ ഊരുകളില്‍ നിന്നും 12 ഓളം പട്ടികജാതി ഊരുകളില്‍ നിന്നുമുള്ള കുടുംബങ്ങള്‍ക്കും കുടുംബാരോഗ്യകേന്ദ്രം സേവനം നല്കുന്നു.
നിലവില്‍ 500 മുതല്‍ 800 വരെ രോഗികള്‍ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി സന്ദര്‍ശിക്കുന്ന ഔട്ട്പേഷ്യന്റ് സൗകര്യമായാണ് ആരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ആര്‍ക്കിടെക്ചര്‍ ആൻഡ് പ്ലാനിംഗ് വിഭാഗം അസി. പ്രൊഫസര്‍മാരായ ഡോ.ഷൈനി അനില്‍കുമാര്‍, ഡോ.സനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മാസ്റ്റര്‍ പ്ലാൻ തയ്യാറാക്കുന്നത്. എൻ.ഐ.ടി.സി രജിസ്ട്രാര്‍ കമാൻഡര്‍ ശാമസുന്ദര, സ്റ്റുഡന്റസ് വെല്‍ഫെയര്‍ ഡീൻ പ്രൊഫ. ജി.കെ.രജനികാന്ത്, കൊടുവള്ളി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ കെ.അബ്ദുറഹീം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

