തലശ്ശേരി: കോടിയേരി ഓണിയൻ ഹൈസ്‌കൂളിന് സമീപം വീടിന് തീപിടിച്ച് നാശനഷ്ടം. ശ്രീ സായിയില്‍ അരുണ്‍കുമാറിന്റെ വീടിന് ആണ് വെള്ളിയാഴ്ച രാവിലെ എട്ടോടെ തീപിടിത്തമുണ്ടായത്.
സോഫ ഉള്‍പ്പെടെയുള്ള ഫർണീച്ചറുകള്‍, ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍, വീടിന്റെ സീലിംഗ് എന്നിവ ഭാഗികമായി കത്തി നശിച്ചു.
പൂജാമുറിയില്‍ മള്‍ട്ടി വുഡില്‍ സ്ഥാപിച്ച എല്‍.ഇ.ഡി ലൈറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. സംഭവ സമയം വീട്ടുകാർ പുറത്തായിരുന്നു.
തിരിച്ചെത്തിയപ്പോഴായിരുന്നു പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വീട്ടുകാരും പരിസരവാസികളും ചേർന്ന് ഉടൻ തീയണച്ചതിനാല്‍ വലിയ തീപിടിത്തം ഓഴിവായി. തലശ്ശേരി അഗ്നിശമനസേനയും സ്ഥലത്തെത്തി. കഴിഞ്ഞ ജനുവരിയിലാണ് പുതിയ വീട്ടില്‍ കുടുംബം താമസം തുടങ്ങിയത്. അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
