തിരുവനന്തപുരം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു പുറമെ മുസ്ലിംലീഗും ബി.ജെ.പി വോട്ടുകള്‍ വാങ്ങിയെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ എ.വിജയരാഘവന്‍ പറഞ്ഞു.ജമാഅത്ത് ഇസ്ലാമിയുടെ പിന്തുണകൊണ്ടു ജയിക്കാന്‍ വോട്ട് മതിയാകില്ലെന്ന് കരുതിയാണ് ലീഗ് ബി.ജെ.പി വോട്ടും കൂടി വാങ്ങിയത്.കെ.ടി.ജലീല്‍ മത്സരിച്ച മണ്ഡലത്തില്‍ ലീഗ് ഇങ്ങനെ വാങ്ങിയ വോട്ടുകളുടെ കണക്ക് തന്റെ കൈവശമുണ്ടെന്നും കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തില്‍ വിജയരാഘവന്‍ വ്യക്തമാക്കി.
കേരളത്തില്‍ കോണ്‍ഗ്രസ് മുക്തഭാരതമെന്ന കാഴ്ചപ്പാട് ബി.ജെ.പിക്കില്ല. ഈ സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷണ നാടകങ്ങള്‍ നടത്തിയത്.
കോണ്‍ഗ്രസ് തകരുമ്ബോള്‍ ബി.ജെ.പി വളരുമെന്ന വാദത്തിന് കേരളത്തില്‍ പ്രസക്തിയില്ല. കോണ്‍ഗ്രസ് തകരുമ്ബോള്‍ ബി.ജെ.പിയും തകരുന്ന കാഴ്ചയാണ് കേരളം കണ്ടത്. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുകള്‍ വളരെയധികം കുറഞ്ഞില്ലേയെന്ന് വിജയരാഘവന്‍ ചോദിച്ചു.
" മുസ്ലിംലീഗിനെ മതേതര നിലപാടുള്ള പാര്‍ടിയായി സി.പി.എം കാണുന്നില്ല. ലീഗ് മതാധിഷ്ഠിത പാര്‍ടിയാണ്.അവരുടെ തീരുമാനങ്ങളെല്ലാം മതസ്വാധീനത്തിന്റെ ഭാഗമാണ്. എല്ലാ അധാര്‍മ്മികതയും ഉപയോഗിച്ച് എല്‍.ഡി.എഫിനെ തകര്‍ക്കാന്‍ മുന്നില്‍നിന്ന യു.ഡി.എഫിലെ പ്രധാനപാര്‍ടികളിലൊന്നാണ് ലീഗ്." ജോസ് കെ.മാണി വിഭാഗത്തോട് പുലര്‍ത്തിയ സമീപനം ലീഗിനോട് കാണിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി വിജയരാഘവന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് ധാരാളം പേര്‍ ഇനിയും പുറത്തുവരും. കോണ്‍ഗ്രസിന്റെ പിന്നില്‍ നില്‍ക്കുന്ന ജനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തള്ളും. ബൂര്‍ഷ്വാ പാര്‍ടികളുടെ പിന്നില്‍ നില്‍ക്കുന്ന ജനങ്ങളെക്കൂടി ഒപ്പം നിര്‍ത്താനാണ് സി.പി.എം.ശ്രമിക്കുക.നേതാക്കള്‍ വരുമോ ഇല്ലയോ എന്നതല്ല പ്രധാനം.കോണ്‍ഗ്രസ് തകരാന്‍ സി.പി.എം ആഗ്രഹിക്കും. എല്‍.ഡി.എഫിനെ തകര്‍ത്ത് അധികാരത്തിലെത്താന്‍ ഏത് ഹീനമായ ശ്രമങ്ങളും പ്രയോഗിക്കുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്.വിമോചനസമരമാണ് അവരുടെ ഊര്‍ജ്ജം.
മന്ത്രിസഭാ രൂപീകരണത്തില്‍ ഒരു പിടിവലിയും ഉണ്ടാവുകയില്ല. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ എല്ലാം തീരുമാനിക്കും. ഭരണഘടനാനുസൃതമായ രീതിയിലായിരിക്കും മന്ത്രിമാരുടെ എണ്ണം തീരുമാനിക്കുക. സി.പി.എമ്മും സി.പി.ഐയും വിട്ടുവീഴ്ച ചെയ്യുമോയെന്ന ചോദ്യത്തിന് അത് സ്വാഭാവികമല്ലേയെന്നായിരുന്നു മറുപടി.തിരഞ്ഞെടുപ്പ് വിജയം പിണറായി വിജയന്റെ വിജയമായി ചിത്രീകരിക്കപ്പെടുന്നുവെന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി." പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ വിജയമാകുന്നതുവഴി അത് പാര്‍ടിയുടെ വിജയമാണ്.പാര്‍ടിയുടെ ഭാഗമായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന നേതാവാണ് പിണറായി വിജയന്‍.പിണറായിയുടേത് മികച്ച നേതൃത്വമാണെന്നും വിജയരാഘവന്‍ പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഞായറാഴ്ച രാത്രി എട്ടു മണിക്ക് കൗമുദി ടിവി സംപ്രേഷണം ചെയ്യും.

