കോന്നി: കോന്നി സെൻട്രല്‍ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ട്രാഫിക് സിഗ്നല്‍ ലൈറ്റ് വരുന്നു. ലൈറ്റ് സ്ഥാപിക്കുന്ന ജോലികള്‍ തുടങ്ങി.
ഗ്രാമപഞ്ചായത്ത് ഗതാഗത ഉപദേശക സമിതി മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശത്തോടെയാണ് നടപടി ആരംഭിച്ചത്. തിരക്കേറിയ നാല് റോഡുകള്‍ ചേരുന്ന പ്രധാന ജംഗ്ഷനാണിത്. ശബരിമല തീർത്ഥാടന കാലത്ത് തിരക്കേറെയാണ്. സ്കൂള്‍ പ്രവർത്തന ദിവസങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകും. ഗതാഗത നിയന്ത്രണത്തിന് വല്ലപ്പോഴം മാത്രമാണ് പൊലീസിനെയും ഹോം ഗാർഡിനെയും നിയോഗിക്കുന്നത്. ഇവരുടെ സേവനം ഇല്ലാത്തപ്പോള്‍ വാഹനങ്ങള്‍ തോന്നുന്നതുപോലെയാണ് പോകുന്നത്. ഇത് അപകടത്തിന് കാരണമാകുന്നുണ്ട്.
. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാത ഉന്നത നിലവാരത്തില്‍ വികസിപ്പിച്ചെങ്കിലും കോന്നി സെൻട്രല്‍ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ഇല്ലാത്തത് നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കോന്നി പത്തനംതിട്ട റോഡും കോന്നി ചന്ദനപ്പള്ളി റോഡും കോന്നി തണ്ണിത്തോട് റോഡും കോന്നി പത്തനാപുരം റോഡും സംഗമിക്കുന്ന ജംഗ്ഷനാണിത് . സെൻട്രല്‍ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണമെന്ന ആവശ്യം ഗതാഗത അവലോകനയോഗങ്ങളിലും താലൂക്ക് വികസന സമിതി യോഗത്തിലും പലതവണ ഉയർന്നിട്ടുണ്ട്.
സെൻട്രല്‍ ജംഗ്ഷനില്‍ ഗതാഗത തടസം ഉണ്ടാകുമ്പോള്‍ പത്തനാപുരം റോഡില്‍ നാരായണപുരം ചന്തയ്ക്ക് സമീപം വരെയും പത്തനംതിട്ട റോഡില്‍ പഞ്ചായത്ത് ബസ് സ്റ്റാൻഡ് വരെയും തണ്ണിത്തോട് റോഡില്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയും ചന്ദനപ്പള്ളി റോഡില്‍ മിനി സിവില്‍ സ്റ്റേഷന് സമീപം വരെയും വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകും.
പണി തുടങ്ങി
ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. . പുതിയ അദ്ധ്യായന വർഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും നടപടികള്‍ വൈകി. നിർമ്മാണം വൈകിയാണ് ആരംഭിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമേ ട്രാഫിക് സിഗ്നല്‍ പൂർണതോതില്‍ പ്രവർത്തന സജ്ജമാകു.
ട്രാഫിക് സിഗ്നല്‍ പൂർണ സജ്ജമാകുന്നതോടെ സെൻട്രല്‍ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ഒരുപരിധിവരെ പരിഹാരമാകും.
റോജി എബ്രഹാം ( പ്രസിഡന്റ്, കോന്നി ഗ്രാമപഞ്ചായത്ത് )

