കോതമംഗലം: ഇടുക്കി ഹൈറേഞ്ചിലേക്കുള്ള പ്രവേശന കവാടമായ കോതമംഗലത്തെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു കുർളാൻ എന്നും കുർളാൻ ചേട്ടനെന്നും ഇഷ്ടക്കാർ വിളിക്കുന്ന ടി.യു.കുരുവിള.
പഞ്ചായത്തംഗം മുതല്‍ മന്ത്രിയായപ്പോഴും ജനങ്ങള്‍ക്കിടയിലായിരുന്നു ജീവിതം. കേരളാ കോണ്‍ഗ്രസിന്റെ തുടക്കം മുതല്‍ അദ്ദേഹം ആ പാർട്ടിയിലുണ്ട്. നിരവധി സ്ഥാനങ്ങള്‍ വഹിച്ചു. പി.ജെ.ജോസഫിന്റെ പ്രിയപ്പെട്ടവനായിരുന്നു. എം.എല്‍.എ ആയതും മന്ത്രിയായതും ജോസഫ് വിഭാഗത്തിനൊപ്പമാണ്.
കാല്‍നൂറ്റാണ്ടോളം ബാംബു കോർപ്പറേഷന്റെ ഈറ്റ കരാറുകാരനായിരുന്നു ടി.യു.കുരുവിള. പൂയംകുട്ടി, ഇടമലയാർ വനങ്ങളില്‍ നിന്നുള്ള ഈറ്റ ശേഖരണത്തില്‍ അദ്ദേഹത്തിന്റെ കീഴില്‍ നൂറുകണക്കിന് പേർ വർഷങ്ങളോളം തൊഴിലെടുത്തു. ഈ വനങ്ങളുടെ മുക്കും മൂലയും അദ്ദേഹത്തിന് നാടുപോലെ ചിരപരിചിതമായിരുന്നു.
രാഷ്ട്രീയത്തിനൊപ്പം സമുദായ-വിദ്യാഭ്യാസ-സാസ്കാരിക-തൊഴില്‍ മേഖലകളിലും ടി.യു.കുരുവിള നിറഞ്ഞുനിന്നു. യാക്കോബായസഭാ സെക്രട്ടറിയായി ഏറെകാലം പ്രവർത്തിച്ചു. സഭാ കേസ് നടത്തിപ്പിലും പങ്കുവഹിച്ചിട്ടുണ്ട്. ലയണ്‍സ് ഇന്റർനാഷണലില്‍ കൂടുതല്‍ കാലം പ്രവർത്തിച്ച അംഗമെന്ന ബഹുമതി കഴിഞ്ഞവർഷം ലഭിച്ചിരുന്നു.
