ചിറയിന്‍കീഴ്: അഴൂര്‍ കളിയില്‍പ്പുര - തോപ്പില്‍ റോഡ് സഞ്ചാര യോഗ്യമല്ലാതായിട്ട് നാളുകളായി. റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി. മഴ പെയ്താല്‍ കുളമാണിവിടം. റോഡിലെ വെള്ളക്കെട്ട് മാറാന്‍ തന്നെ ദിവസങ്ങളെടുക്കും. ഈ മഹാമാരിക്കാലത്ത് റോഡിലെ മലിന ജലം കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി മാറുന്നതിലുള്ള ആശങ്കയും പങ്കുവയ്ക്കുകയാണ് നാട്ടുകാര്‍. ഇതുവഴിയുള്ള കാല്‍ നടയാത്രക്കാരും വാഹനയാത്രക്കാരും കാലങ്ങളായി ഈ ദുരിതം അനുഭവിക്കുകയാണ്.
അധികൃതര്‍ പലപ്പോഴും ഇത് കണ്ടില്ലെന്ന് നടിക്കുന്നതുകൊണ്ടാണ് ഈ കഷ്ടപ്പാടിന് അറുതിയില്ലാതെ നീളുന്നത്. അഴൂര്‍ റെയില്‍വേ ഗേറ്റ് കടന്നാല്‍ വലതു തിരിഞ്ഞു ആറടി പാതയില്‍ പോകുന്ന റോഡ് ആണിത്. നൂറുകണക്കിന് കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.
തെരുവ് വിളക്കുകളുടെ അഭാവവും ഇവിടെയുണ്ട്. ഈ മേഖലയില്‍ മോഷണങ്ങളും വര്‍ദ്ധിക്കുകയാണ്. തെരുവ് നായ്ക്കളുടെ ശല്യമുള്ള ഇവിടെ തെരുവ് ലൈറ്റുകള്‍ കത്താത്തത് കാല്‍നടയാത്രക്കാരെ അപകടത്തിലാക്കുകയാണ്. പ്രശ്നങ്ങളെല്ലാം ഉന്നയിച്ച് അഴൂര്‍ -ചിറയിന്‍കീഴ് റസിഡന്റ്സ് അസോസിയേഷന്‍, അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രധാന പ്രശ്നം - വെള്ളക്കെട്ട് പരിഹരിക്കാന്‍ ഓടയില്ല
നിലവിലെ അവസ്ഥ - മഴ പെയ്താല്‍ റോഡ് വെള്ളക്കെട്ടാകും
റോഡിന്റെ അവസ്ഥ - പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്നു
രണ്ട് പഞ്ചായത്തുകളുടെ റോഡ്
അഴൂര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലൂടെയും ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലൂടെയുമാണ് ഈ റോഡ് കടന്ന് പോകുന്നത്. രണ്ട് ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്നതിനാല്‍ തന്നെ പഞ്ചായത്തുകളുടെ വേണ്ട ശ്രദ്ധ ഈ റോഡിന് ലഭിക്കുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുകയാണ്.
നാട്ടുകാരുടെ ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ പ്രദേശവാസികളെ ഉള്‍പ്പെടുത്തി സമര പരിപാടികളുമായി മുന്നോട്ടു പോകും.
ബിജു കാര്‍ത്തിക, പ്രസിഡന്റ്, അഴൂര്‍ -ചിറയിന്‍കീഴ് റസിഡന്റ്സ് അസോസിയേഷന്‍

