Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കൊട്ടാരക്കരയില്‍ പതിനൊന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

കൊല്ലം: കൊട്ടാരക്കര ടൗണിലും സമീപപ്രദേശങ്ങളിലും ഭീതിപരത്തി തെരുവുനായയുടെ ആക്രമണം. യുവതിയും അഭിഭാഷകരും കെ.എസ്.ആർ.ടി.സി ഡ്രൈവറും അടക്കം 11 പേർക്ക് കടിയേറ്റു.

കൊട്ടാരക്കര താലൂക്ക് ആശുപത്രി പരിസരം, കോടതി ജംഗ്ഷൻ എന്നിവിടങ്ങളിലായിരുന്നു തെരുവുനായ്ക്കളുടെ വിളയാട്ടം. പരിക്കേറ്റവർക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയും പ്രതിരോധ കുത്തിവയ്പ്പും നല്‍കി.

കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെ താലൂക്ക് ആശുപത്രി വളപ്പിലായിരുന്നു ആദ്യ ആക്രമണം. കാഷ്വാലിറ്റിക്ക് മുന്നില്‍ നിന്നിരുന്ന, രോഗിയുടെ കൂട്ടിനെത്തിയ പ്ലാപ്പള്ളി അഞ്ജനാലയത്തില്‍ അഞ്ജനയെയാണ് (26) കടിച്ചത്. തുടർന്ന് അവിടെയുണ്ടായിരുന്ന മറ്റൊരു നായയുമായി കടികൂടിയ ശേഷം ഈ വെളുത്ത നായ പുറത്തേക്ക് ഓടിപ്പോയി. ആശുപത്രിക്ക് പുറത്തുനിന്ന കൊട്ടാരക്കര സ്വദേശി സുനില്‍കുമാർ (53), ശൂരനാട് സ്വദേശി രാധാകൃഷ്ണൻ (48) എന്നിവർക്കും നായുടെ കടിയേറ്റു. കടിയേറ്റ യുവതിക്ക് മരുന്നിന് അലർജിയുണ്ടായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആശുപത്രി പരിസരത്തെ ആക്രമണത്തിന് ശേഷവും നായ ടൗണിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഉച്ചയ്ക്ക് 12.45ഓടെ കൊട്ടാരക്കര കോടതി ജംഗ്ഷനില്‍ വച്ച്‌ അഭിഭാഷകരും കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിന് സമീപം ഡ്രൈവറും ഉള്‍പ്പടെ ആറുപേർക്ക് കൂടി കടിയേറ്റു. കടംകുളം സ്വദേശികളായ അഡ്വ. സുധീഷ് (47), അഡ്വ. അലൻ (30), ഓടനാവട്ടം സ്വദേശി സാമുവല്‍ (71) എന്നിവർക്കാണ് കോടതി ജംഗ്ഷനില്‍ വച്ച്‌ കടിയേറ്റത്. കെ.എസ്.ആർ.ടി.സി ഡ്രൈവർ സുനില്‍ കുമാർ (54), തൃക്കണ്ണമംഗലത്ത് എൻജിനിയറിംഗ് വർക്ക്ഷോപ്പ് നടത്തുന്ന ഉദയകുമാർ (58), വാളകം സ്വദേശി സുനില്‍ (33) എന്നിവർക്കും കടിയേറ്റു.

കൂടാതെ കല്ലൂർ ബേക്കറിക്ക് സമീപം ബസ് കയറാൻ നിന്ന പാസ്റ്ററെയും, എസ്.പി ഓഫീസിന് സമീപം മരണവീട്ടില്‍ പോയ വൃദ്ധനെയും നായ കടിച്ചു. തോട്ടംമുക്കിലെ ചായക്കട ഉടമ ജോണ്‍സന്റെ മുണ്ടില്‍ പട്ടി കയറിപ്പിടിച്ചെങ്കിലും കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. നായയെ ഇതുവരെ കണ്ടെത്താനായില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi