ഇടുക്കി: ജില്ലയില്‍ കൊവിഡ് വ്യാപന തോത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും പരിശോധനകളും കര്‍ശനമാക്കി. സ്വകാര്യ വാഹനങ്ങള്‍, മാര്‍ക്കറ്റുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍, ബസ്സുകളിലെ യാത്രക്കാരുടെ എണ്ണം, സാമൂഹിക അകലം പാലിക്കല്‍, ശരിയായ രീതിയില്‍ മാസ്‌ക്ക് ധരിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വിവിധ തരത്തിലുള്ള കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ കണ്ടെത്തി 197 ആളുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 3354 പെറ്റി കേസുകള്‍ എടുത്തിട്ടുണ്ട്. 19,226 പേരെ താക്കീത് ചെയ്തു വിട്ടയച്ചു. കൂടാതെ 1472 വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തി. ജില്ലയിലെപൊലീസ് സ്റ്റേഷനുകളില്‍ അത്യാവശ്യ ഡ്യൂട്ടിക്ക് ശേഷമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായുള്ള കര്‍ശന പരിശോധനകള്‍ക്കായി നിയോഗിച്ചിരിക്കുകയാണ്.
