Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊവിഡില്‍ കൈത്താങ്ങായി വീണ്ടും വ്യോമസേന, പ്രാണവായു എത്തിക്കാന്‍ മുന്നിലുള്ളത് സൈന്യത്തിന്റെ  ഭീമന്മാര്‍

കൊവിഡില്‍ കൈത്താങ്ങായി വീണ്ടും വ്യോമസേന, പ്രാണവായു എത്തിക്കാന്‍ മുന്നിലുള്ളത് സൈന്യത്തിന്റെ ഭീമന്മാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഓക്സിജന്‍ ക്ഷാമത്തിന് പരിഹാരം കാണാനുള്ള നടപടികള്‍ ശക്തമാക്കി ഇന്ത്യന്‍ വ്യോമസേന. ഓക്സിജന്‍ ടാങ്കറുകളെ ഡല്‍ഹി ഉള്‍പ്പടെ രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിനാണ് സേന പ്രഥമ പരിഗണന നല്‍കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ട്രാന്‍സ്പോര്‍ട്ട് വിമാനമായ സി-17 ന്റെ രണ്ട് വിമാനങ്ങളാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ ദൗത്യത്തിന് ഉപയോഗിച്ചേക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാനും വ്യോമസേന മുന്നിലുണ്ട്. കൊവിഡ് ടെസ്റ്റിംഗ് സംവിധാനങ്ങള്‍ ലഡാക്കില്‍ എത്തിച്ചതും വ്യോമസേനയുടെ പ്രത്യേക വിമാനങ്ങള്‍ ഉപയോഗിച്ചാണ്.

കഴിഞ്ഞദിവസം തന്നെ ദൗത്യം ആരംഭിക്കുന്നതിനെക്കുറിച്ച്‌ വ്യോമസേന ട്വിറ്ററിലൂടെ അ‌റിയിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായത് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കാന്‍ വ്യോമസേന മുന്നിട്ടിറങ്ങിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച വെര്‍ച്വല്‍ യോഗത്തില്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളോടും വിവിധ സായുധ സേനാ വിഭാഗങ്ങളോടും കൊവിഡിനെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു.

ഡല്‍ഹി ഉള്‍ടെയുള്ള പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടിയതോടെ കടുത്ത ഓക്സിജന്‍ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇതുകാരണം പല ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കുന്നത് നിറുത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുട‌െ നേതൃത്വത്തില്‍ രാജ്യമൊട്ടാകെയുള്ള ഓക്സിജന്‍ വിതരണം അവലോകനംചെയ്യാന്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.

ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള ഏറ്റവും വലിയ എയര്‍ക്രാഫ്റ്റുകളിലൊന്നാണ് സി-17 ഗ്ലോബ് മാസ്റ്റര്‍. ടാങ്കുകളും ഹെലികോപ്ടറുകളും വലിയ ട്രക്കുകളുംവരെ കൊണ്ടുപോകാനുള്ള ശേഷിയുള്ളവയാണ് ഇത്തരം വിമാനങ്ങള്‍. പരുക്കന്‍ റണ്‍വേയില്‍പോലും വളരെ എളുപ്പത്തില്‍ പ്രശ്നമൊന്നുമില്ലാതെ ഇറക്കാന്‍ കഴിയും. കൊവിഡിന്റെ തുടക്കത്തില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സി-17 ഗ്ലോബ് മാസ്റ്റര്‍ ഉപയോഗിച്ചിരുന്നു. കൊവിഡിന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും ഈ വിമാനത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi