ആലപ്പുഴ: കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഊര്‍ജിതമാക്കി. 12 ബ്ളോക്ക് പഞ്ചായത്തുകളുടെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലും ആറ് നഗരസഭ പരിധികളിലും പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്.
പഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ നടന്നു. ബോധവത്കരണത്തിനായി കവലകളിലും സ്ഥാപനങ്ങളിലും പോസ്റ്ററുകള്‍ പതിക്കല്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡുതല ജാഗ്രതാ സമിതി പുന:സംഘടിപ്പിച്ചു. പോസിറ്റീവ് ആയവരുടെ സമ്ബര്‍ക്കത്തില്‍ ഉള്ളവര്‍ ക്വാറെന്റൈനില്‍ പോവുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ ജാഗ്രതാ സമിതി അംഗങ്ങളെ ചുമതലപ്പെടുത്തി. ക്വാറന്റൈനില്‍ ഉള്ളവര്‍ക്ക് സഹായം നല്‍കാനായി വാര്‍ഡുതല ഹെല്‍പ് ലൈന്‍ കേന്ദ്രം ആരംഭിക്കും.
45 വയസിന് മുകളിലുള്ള എല്ലാവരും വാക്സിന്‍ എടുത്തെന്ന് ഉറപ്പു വരുത്താനും വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്താനുമായി കുടുംബശ്രീ പ്രവര്‍ത്തകരെ കൊണ്ട് സര്‍വേ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തിലും ആവശ്യമെങ്കില്‍ സി.എഫ്.എല്‍.ടി.സികള്‍ സജ്ജമാക്കും.
കൊവിഡ് സെന്റര്‍
തണ്ണീര്‍മുക്കം പഞ്ചായത്തില്‍ കൊവിഡ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കരിക്കാട് പാരിഷ് ഹാളില്‍ ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം പി.എസ്.ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുള സുരേഷ് എന്നിവര്‍ നിര്‍വഹിച്ചു. 90 കിടക്കകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.
ഹെല്‍പ് ഡെസ്‌ക്
മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ഞായറാഴ്ച പഞ്ചായത്തില്‍ ഡ്രൈഡേ ആചരിക്കും. ഒരു വാര്‍ഡിന് പത്തുപേര്‍ വോളണ്ടിയര്‍മാര്‍ എന്ന നിലയില്‍ ഭവന സന്ദര്‍ശനം നടത്തും. ഫോണ്‍ 9497759446, 7736854425, 0477-2258238
കോള്‍ സെന്റര്‍
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ 'ഞങ്ങള്‍ സഹായിക്കും' എന്ന പേരില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. എസ്.എന്‍ കോളേജിലെ എന്‍.എസ്.എസ് കേഡറ്റുകളുടെയും കുടുംബശ്രീ സി.ഡി.എസ് പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് ഓണ്‍ലൈന്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. മരുന്ന്, ഭക്ഷണം, വൈദ്യ സഹായം എന്നിവയും ലഭിക്കും. ഫോണ്‍ 8281040894.
