Dailyhunt
ക്രിസ്മസ് മധുരത്തിന് പിന്നാലെ കൈനീട്ടവുമായി ശിവദാസ്

ക്രിസ്മസ് മധുരത്തിന് പിന്നാലെ കൈനീട്ടവുമായി ശിവദാസ്

മാന്നാർ: ക്രിസ്മസിന് കേക്ക് നല്‍കിയ വാർഡ് മെമ്പർ ശിവദാസ് ഇക്കുറി വാർഡിലെ മുഴുവൻ വീടുകളിലും വിഷുക്കൈനീട്ടവുമായെത്തി.

പത്തനംതിട്ട ജില്ലയിലെ കടപ്ര ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് അംഗവും പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കൂടിയായ ശിവദാസ് യു.പണിക്കരാണ് വാർഡിലെ മുഴുവൻ വീടുകളിലും വിഷുക്കൈനീട്ടവുമായി എത്തിയത്. എല്ലാ ആഘോങ്ങളിലും തന്റെ വാർഡിലെ ജനങ്ങളെ ചേർത്ത് പിടിക്കുവാനാണ് ആഗ്രഹിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് വാർഡിലെ എല്ലാ വീടുകളിലും കൈനീട്ടവുമായി എത്തിയതെന്നും ശിവദാസ് യു.പണിക്കർ പറഞ്ഞു. 'ഹൃദയം മധുരം, ഒപ്പം സ്നേഹം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സരാശംസകള്‍' എന്ന് എഴുതി തന്റെ ചിത്രവും പതിച്ച കടലാസുപെട്ടിയില്‍ പൊതിഞ്ഞ കേക്കുമായിട്ടായിരുന്നു കഴിഞ്ഞ ക്രിസ്മസിന് വാർഡിലെ 490 വീടുകളിലും ശിവദാസ് നേരിട്ടെത്തിയത്. വാർഡില്‍ മെമ്പേർഴ്സ് മെഡികാർഡ് പദ്ധതിയും നടപ്പിലാക്കി വരികയാണ്.

വാർഡിലെ ഇരുപതോളം വരുന്ന നിർദ്ധരായ രോഗികള്‍ക്ക് മാസം 600 രൂപയുടെ മരുന്ന് ഒരു വർഷക്കാലം സൗജന്യമായി ലഭിക്കുന്ന പദ്ധതിയാണ് മെമ്പേഴ്സ് മെഡികാർഡ് പദ്ധതി. മാന്നാർ കടവില്‍ മെഡിക്കല്‍സും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ഇതിനാവശ്യമായ പണം മെമ്പറുടെ ഓണറേറിയത്തില്‍ നിന്നും തുടർന്ന് സന്നദ്ധ സംഘടനകളുടെ സഹായത്തോടു കൂടിയുമാണ് നടപ്പാക്കുന്നത്. വിഷുദിനത്തില്‍ വാർഡിലെ എല്ലാ കുടുംബങ്ങള്‍ക്കും വിഷുക്കൈനീട്ടം നല്‍കിയപ്പോള്‍ ശ്രീ വലിയപനയന്നാർ കാവിലെ വിഷു മഹോത്സവത്തിന് വാർഡില്‍ എത്തിയ നന്ദഗോവിന്ദം ഭജൻസിനും ശിവദാസൻ വിഷു കൈനീട്ടം നല്‍കി ആദരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi